മുംബയ്: കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് - ശിവസേന - എൻ.സി.പി സഖ്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിഞ്ജ ചെയ്തത്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉദ്ധവും സഹോദരങ്ങളാണെന്ന് ശിവസേന മുഖപത്രം സാമ്നയുടെ മുഖപ്രസംഗം.
'പ്രധാനമന്ത്രി ഏതെങ്കിലും പാർട്ടിയുടേതല്ല, രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്. ഇക്കാര്യം അംഗീകരിക്കുകയാണെങ്കിൽ തങ്ങളുടെ ചിന്താഗതിയുമായി ഒത്തുപോകാത്തവരുമായി എന്തിന് മനസിൽ ദേഷ്യം വച്ചുപുലർത്തണം? വിശ്വസിച്ചാലും ഇല്ലെങ്കിലും മഹാരാഷ്ട്രയിലെ സർക്കാർ ശക്തമായിരിക്കും. ഛത്രപതി ശിവജി മഹാരാജ് മഹാരാഷ്ട്രയ്ക്ക് പകർന്നു നൽകിയ ആത്മാഭിമാനമാണ് പ്രധാനം'- മുഖപ്രസംഗത്തിൽ പറയുന്നു.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവസേന ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയായിരുന്നു. ശേഷം നാടകങ്ങൾക്കൊടുവിൽ കോൺഗ്രസ് - ശിവസേന - എൻ. സി. പി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഇന്നലെ വൈകിട്ട് 6.40ന് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു.