1. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. എസ്.എഫ്.ഐ നേതാവ് മഹേഷ് കെ.എസ്.യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്പാണ് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.
2. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. അതേസമയം, യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ കൊലവിളിയില്‍ വിശദീകരണവും ആയി എസ്.എഫ്.ഐ. ദൃശ്യങ്ങളില്‍ ഉള്ളത് എസ്.എഫ്.ഐക്കാരന്‍ ആണെങ്കില്‍ നടപടി എടുക്കും എന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും ഇത് എസ്.എഫ്.ഐയെ തകര്‍ക്കാന്‍ ഉള്ള ശ്രമം ആണെന്നും സച്ചന്‍ പറഞ്ഞു.
3. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കേണ്ടതില്ല എന്ന് കോടതി ഉത്തരവ്. എന്നാല്‍ ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാം. പക്ഷേ പകര്‍പ്പ് നല്‍കാന്‍ ആവില്ല. നടിയുടെ സ്വകാര്യത മാനിക്കണം എന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്. ഫൊറന്‍സിക് വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. വീണ്ടും ഫൊറനസിക് പരിശോധന നടത്തേണ്ട കാര്യം ഇല്ല. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണം എന്നും കോടതി. ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുകുള്‍ റോഹ്ത്തഗി ആണ്. സുപ്രീം കോടതി വിധിയോടെ വിചാരണ ഉടന്‍ തുടങ്ങാനാകും.
4. മെമ്മറി കാര്‍ഡ് തൊണ്ടി മുതല്‍ ആണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തി ആയിരുന്നു. വാട്ടര്‍മാര്‍ക്കിട്ട് ആണെങ്കിലും ദൃശ്യങ്ങള്‍ അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുത് എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. തന്റെ സ്വകാര്യതയ്ക്കും അഭിമാനത്തിനും പരിഗണന നല്‍കി ദിലീപിന്റെ ആവശ്യം തള്ളണം എന്നായിരുന്നു നടിയുടെ വാദം. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതുപ്രകാരം ഇരയുടെ ഐഡന്റിറ്റി ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കരുത് എന്നും നടി വാദിച്ചു.
5. വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരായ എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങള്‍. അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി വനിതാ മജിട്രേറ്റ്. സ്ത്രീയായി പോയി അല്ലെങ്കില്‍ തല്ലി ചതച്ചേനെ എന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ ഭീഷണിപ്പെടുത്തി. പുറത്തിറങ്ങാതെ ചേംബറില്‍ ഇരിക്കണം എന്നും ഭീഷണിപ്പെടുത്തി. ഉത്തരവ് മാറ്റി എഴുതാനും ആവശ്യപ്പെട്ടു. കെ.പി ജയചന്ദ്രന്‍ മജിസ്‌ട്രേറ്റിന് നേരെ കൈ ചൂണ്ടി സംസാരിച്ചു. വക്കിലന്മാരെ പേടിപ്പിക്കേണ്ട എന്നും ഭാരവാഹികള്‍ മജിസ്‌ട്രേറ്റിനെ വെല്ലുവിളിച്ചു. തടഞ്ഞുവച്ച ശേഷം പുറത്ത് ഇറങ്ങുതൊന്നു കാണണം എന്നും വെല്ലുവിളിച്ചു എന്നും എഫ്.ഐആറില്‍ ആരോപണം.
6. കൊല്ലം കടക്കലില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തം എന്നും ഡി.ജി.പി പറഞ്ഞു. അതേസമയം വിഷയം ഗുതരം ആയതിനാല്‍ അന്വേഷണം വേഗത്തില്‍ ആക്കാനാണ് പൊലീസ് തീരുമാനം. കടയ്ക്കല്‍ കാഞ്ഞിരത്തും മൂട്ടില്‍ വച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്.
7. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെ ഈ ഉദ്യോഗസ്ഥന് എതിരെ ക്രിമിനല്‍ക്കുറ്റം ചുമത്താനാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ കണ്‍ട്രോള്‍റൂം എ.എസ്.ഐമാരായ ഷിബുലാല്‍, സിറാജ് എന്നിവരെ സ്ഥലം മാറ്റി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്കും റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
8. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍, കോഴിക്കോട് ജില്ല 307 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാമതായി തൊട്ട് പിറകെ കണ്ണൂര്‍ ജില്ല ആണ് 303 പോയിന്റാണ് കണ്ണൂര്‍ സ്വന്തമാക്കിയത്. 299 പോയിന്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തുമാണ്. രണ്ടാം ദിനമായ ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, കുച്ചിപ്പുടി, യക്ഷഗാനം ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ വിവിധ വേദികളില്‍ ആയി പുരോഗമിക്കുക ആണ്. ഹയര്‍ സെക്കന്ററി വിഭാഗം തിരുവാതിരക്കളി, വട്ടപ്പാട്ട് അടക്കമുള്ള മല്‍സരങ്ങള്‍ ഉച്ചയ്ക്ക് ശേഷവും ആരംഭിക്കും. ഏതാണ്ട് എല്ലാ വേദികളിലും നിറഞ്ഞ സദസ്സാണ്. കാസര്‍കോട്ടുകാരുടെ കലയോടുള്ള ഇഷ്ടമാണ് ഓരോ വേദിയിലെയും കാഴ്ചക്കാര്‍ പങ്കുവെക്കുന്നത്. തിരുവാതിരയും ഒപ്പനയുമടക്കമുള്ള ജനപ്രിയ ഇനങ്ങളും അരങ്ങില്‍ ഉണ്ട്