ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന് ലോക്‌സഭയിൽ വിളിച്ചു പറഞ്ഞ ഭോപ്പാൽ എം.പി പ്രജ്ഞാ സിംഗ് ഠാക്കൂർ മാപ്പ് പറഞ്ഞു. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവരോട് താൻ ക്ഷമ ചോദിക്കുന്നുവെന്ന് ഗോഡ്സെയുടെ പേര് പരാമർശിക്കാതെ എം.പി പറഞ്ഞു.
ലോക്‌സഭയിൽ ഗോഡ്സയെ പ്രശംസിച്ചതിന് ബി.ജെ.പി പാർലമെന്റിന്റെ പ്രതിരോധ സമിതിയിൽ നിന്ന് അവരെ പുറത്താക്കുകയും, ശീതകാല സമ്മേളനം കഴിയും വരെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്‌തിരുന്നു. ഗോഡ്സെയെ പ്രകീർത്തിച്ച പ്രജ്ഞയുടെ നടപടിയെ അപലപിക്കുന്നുവെന്നും, അത് പാർട്ടിയുടെ നിലപാടല്ലെന്നും ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രത്യേക തത്വചിന്തയിൽ വിശ്വസിച്ച ആളാണ് ഗോഡ്സെയെന്ന് ഗാന്ധി വധക്കേസിലെ മൊഴി വ്യക്തമാക്കുന്നുണ്ടെന്ന് ഡി.എം.കെ അംഗം എ. രാജ എസ്.പി.ജി ബില്ലിന്റെ ചർച്ചയ്ക്കിടെ സൂചിപ്പിച്ചപ്പോഴാണ് 'ദേശഭക്തരെക്കുറിച്ച് അങ്ങനെ പറയരുതെന്ന്' പ്രജ്ഞ വിളിച്ചു പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും പ്രജ്ഞയുടെ ഗോഡ്സെ പ്രശംസ വിവാദമായിരുന്നു.