ഷെയ്‌ൻ നിഗം വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ രാജീവ് രവി രംഗത്ത്. കാര്യങ്ങൾ വെറുതെ ചർച്ച ചെയ്‌ത് വഷളാക്കരുതെന്നും, വിലക്കാനാണ് ഉദ്ദേശമെങ്കിൽ ഷെയ്‌നെ വച്ച് പടം ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. ഷെയ്‌ൻ നല്ല പൊട്ടൻഷ്യൽ ഉള്ള ആർട്ടിസ്‌റ്റാണ്. ആർക്കും അവനെ ഒതുക്കാനൊന്നും പറ്റില്ല. ഷെയ്‌ന് തന്റെ അസിസ്റ്റന്റ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോൾ പണി ഇല്ലാതെ ആയാൽ താൻ അവനെ അസിസ്റ്റന്റ് ആവാൻ വിളിക്കുമെന്നും, തന്നാൽ കഴിയുന്ന എല്ലാ പിന്തുണയും ഷെയ്‌ന് ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിനോടായിരുന്നു രാജീവ് രവിയുടെ പ്രതികരണം.
'ഷെയ്‌നിന്റെ കാര്യത്തിൽ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്. ആരും ഇതിൽ പ്രതികരിക്കേണ്ട. താനെ പ്രശ്നം പരിഹരിക്കപ്പെട്ടോളും. സിനിമ അങ്ങനെ നിറുത്താനൊന്നും പറ്റില്ല. ചെയ്തല്ലേ പറ്റൂ. വെറുതെ അതു ചർച്ച ചെയ്തു വഷളാക്കി ആൾക്കാരെ വാശി പിടിപ്പിക്കേണ്ട വിഷയമല്ല. ജനങ്ങളും മാധ്യമങ്ങളുംചേർന്ന് ചർച്ച ചെയ്തു വഷളാക്കേണ്ട യാതൊരു ആവശ്യമില്ല. ഇതു ഷെയ്നും സംവിധായകരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്‌നെ വിളിച്ചത് സംവിധായകരാണ്. സംവിധായകരുടെ ക്രിയേറ്റിവിറ്റിയാണ് സിനിമ. അവർക്ക് സിനിമ ചെയ്‌തേ പറ്റുള്ളൂ. അവർക്കത് പകുതിയിൽ വച്ചുപേക്ഷിക്കാൻ പറ്റുമോ? അവർക്കത് സമ്മതിക്കാൻ പറ്റുമോ? അവരും ഷെയ്നും കൂടി ചർച്ച ചെയ്ത്, നിർമാതാക്കളെ കണ്ട് അതിനൊരു പരിഹാരം കണ്ടെത്തണം.'
'അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല'
'അവനൊരു കൊച്ചു പയ്യനല്ലേ? അവനെ നമ്മൾ അങ്ങനെയല്ലേ കാണേണ്ടത്? അതാണ് ഞാൻ പറഞ്ഞത്, ഇക്കാര്യം നമ്മൾ വെറുതെ സംസാരിച്ച് വഷളാക്കുകയാണ്. അവൻ നല്ല പൊട്ടെൻഷൽ ഉള്ള ആർടിസ്റ്റാണ്. അവന്റെ സമയം കളയേണ്ട കാര്യമില്ല. അവനെ അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല. അങ്ങനെ ഒതുക്കാവുന്ന കൂട്ടത്തിലുള്ള ആളല്ല അവൻ. ടാലന്റഡ് ആയിട്ടുള്ള പയ്യനാണ്. നമ്മുടേത് ഒരു ചെറിയ പൊട്ടക്കുളമല്ലേ? ഇതിൽ എത്ര ഗ്രൂപ്പ് ഉണ്ടാകാനാണ്? ആകെ കുറച്ചു ആളുകളല്ലേ ഉള്ളൂ. എല്ലാവരും തമ്മിലറിയാവുന്ന ആളുകളാണ്. ഇത് എല്ലായിടത്തും ഉള്ളതാണ്. സിനിമയിൽ മാത്രമല്ലല്ലോ! അക്കാദമികളിലും ഇൻസ്റ്റിറ്റിയൂട്ടുകളിലുമെല്ലാം നടക്കുന്ന കാര്യമാണ്. ഇവനെ ഇങ്ങനെ ചർച്ച ചെയ്ത് ഇല്ലാതെയാക്കരുതെന്നാണ് എന്റെ അഭ്യർത്ഥന. അവൻ അവന്റെ പണി ചെയ്തുപോകട്ടെ!,'
'ഷെയ്‌ന് എന്റെ അസിസ്റ്റന്റ് ആകണമെന്നുനേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോൾ പണി ഇല്ലാതെ ആയാൽ ഞാൻ അവനെ അസിസ്റ്റന്റ് ആവാൻ വിളിക്കും. അവന് താൽപര്യം ഉണ്ടെങ്കിൽ എന്റെ കൂടെ വന്ന് അസിസ്റ്റ് ചെയ്യട്ടെ. അവനെ ജീവിതകാലം വിലക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ അവനെ വച്ച് പടവും ചെയ്യും. അതിൽ സംശയമില്ല. എനിക്കിഷ്ടമുള്ള ആർടിസ്റ്റാണ്. അതിൽ ഒരു സംശയവുമില്ല. എന്നാൽ കഴിയുന്ന എല്ലാ പിന്തുണയും അവനുണ്ടാകും. പക്ഷേ, എല്ലാവരുംചേർന്ന്, അവന്റെ പ്രായത്തെ മാനിച്ച് അവനെ തിരിച്ചെടുക്കണം എന്നാണ് എന്റെ അഭ്യർത്ഥന'- രാജീവ് രവിയുടെ വാക്കുകൾ.