mid-day-meal-scam

ലക്നൗ: ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത് നൽകുന്നത് നൂറോളം കുട്ടികൾക്ക്. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിലാണ് ഇത്തരത്തിൽ കുട്ടികൾക്ക് പാൽ വിതരണം ചെയ്തത്. സോന്‍ഭദ്രയിലെ എല്‍.പി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി തെഹ്‌രിയും (അരികൊണ്ടുള്ള വിഭവം) പാലും ആണ് കുട്ടികള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് മനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇത്രയും കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ പാലു കൊണ്ട് എന്ത് ചെയ്യാനാണ്. അതിനാലാണ് വെള്ളം ചേര്‍ത്തിരുന്നത്- അവര്‍ വിശദമാക്കുന്നു.

എന്നാല്‍,​ നേരത്തെയും സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളിലൊരാളാണ് പാചകക്കാരി ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 കുട്ടികള്‍ക്ക് നല്‍കുന്നതിന്‍റെ ദൃശ്യം പകര്‍ത്തിയത്. ഒരു വലിയ അലുമിനിയം പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിന് ശേഷം ഒരു ലിറ്ററിന്‍റെ പാല്‍ക്കവര്‍ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുകയും അത് പതിയെ ഇളക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ പാല്‍ വെള്ളം ഇവര്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ കയ്യിലുള്ള സ്റ്റീല്‍ ഗ്ലാസ്സില്‍ ഒഴിച്ചുകൊടുക്കുന്നു. അര ഗ്ലാസ് പാലുവെള്ളമാണ് ഇവര്‍ക്ക് നല്‍കുന്നത്. 171 കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ ബുധനാഴ്ചയെത്തിയ 81 കുട്ടികള്‍ക്കാണ് പാൽ നല്‍കിയത്.

വീഡിയോ പുറത്തുവന്നതോടെ കൂടുതല്‍ പാല്‍ എത്തിച്ചുവെന്നാണ് ജില്ലാ അധികൃതര്‍ വ്യക്തമാക്കി. സ്കൂളില്‍ ആവശ്യത്തിനുള്ള പാല്‍ ഉണ്ടായിട്ടും എന്തുകൊണ്ട് കുട്ടികള്‍ക്ക് നല്‍കിയില്ലെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഒരു പാക്കറ്റ് പാലുമാത്രമാണ് ലഭിച്ചതെന്ന് പാചകക്കാരി പറഞ്ഞു.

അതേസമയം,​ കേരളത്തിൽ നിലവില്‍ വിദ്യാലയങ്ങളില്‍ ചോറിനൊപ്പം പയറ് വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികളും ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുന്നുണ്ട്. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പഴവും നല്‍കാനായി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.