gotha

ന്യൂഡൽഹി:ശ്രീലങ്കയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ 3,200 കോടി രൂപയും ഭീകര ഭീഷണി നേരിടാൻ 3,50 കോടി രൂപയും പ്രത്യേക വായ്പയായി നൽകും.

ഇന്ത്യ സന്ദർശിക്കുന്ന ശ്രിലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുമായുള്ള ചർച്ചയക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ ധനസഹായം പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ തമിഴർക്ക് നീതി ഉറപ്പാക്കണമെന്ന് മോദി രാജപക്‌സെയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിലിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം ചൂണ്ടിക്കാട്ടിയ മോദി, ഭീകരപ്രവർത്തനത്തെ നേരിടാൻ ശ്രീലങ്കയെ ഇന്ത്യ സഹായിക്കുമെന്ന് പറഞ്ഞു. . ഭീകരപ്രവർത്തനത്തെ സംയുക്തമായി നേരിടാനും ഇരു നേതാക്കളും തീരുമാനിച്ചു. ആഗോള ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ ശ്രീലങ്ക തയ്യാറാണെന്ന് ഗോതാബയ രാജപക്സെ പറഞ്ഞു.

ശ്രീലങ്കയിലെ 2009ലെ ആഭ്യന്തരയുദ്ധത്തിൽ വീടു നഷ്‌ടപ്പെട്ടവർക്കായി ഇന്ത്യ 46,​000 വീടുകൾ നിർമ്മിച്ചതായും 14,000 വീടുകൾ കൂടി നിർമ്മിക്കുമെന്നും മോദി പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും 2500 വർഷം പഴക്കമുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നും

ഗോതബായയുടെ സന്ദർശനം ഇന്ത്യാ - ശ്രീലങ്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടൻ തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് ഗോതാബയ നന്ദി പറഞ്ഞു. ശ്രീലങ്കൻ കസ്റ്റഡിയിലുള്ള എല്ലാ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയയ്‌ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ശ്രീലങ്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ഗോതാബയയുടെ ആദ്യ വിദേശ സന്ദർശനമാണിത്. അദ്ദേഹത്തിന്

രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരണം നൽകി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഗോതാബയ കൂടിക്കാഴ്ച നടത്തി.