ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവിനെക്കുറിച്ച് പ്രതിപക്ഷം ഇടയ്ക്ക് വിമർശിക്കാറുണ്ട്. എന്നാൽ ചെലവ് ചുരുക്കാനായി മോദി അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ ചെയ്യാറുണ്ട്. അതിനെക്കുറിച്ച് എസ്.പി.ജി സുരക്ഷ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ.
വ്യക്തി ജീവിതത്തിൽ മാത്രമല്ല പൊതുജീവിതത്തിലും തികഞ്ഞ അച്ചടക്കം പാലിക്കുന്നയാളാണു നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. വിദേശയാത്രകള്‍ക്കിടയില്‍ വിമാനത്താവളങ്ങളില്‍ സാങ്കേതിക കാരണങ്ങൾ മൂലം കൂടുതൽ സമയം പ്രധാനമന്ത്രിക്ക് ചെലവഴിക്കേണ്ടി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആഡംബര ഹോട്ടലുകൾ ഒഴിവാക്കി വിമാനത്താവളത്തിൽ തന്നെയാണ് കുളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
'വിദേശയാത്രകളിൽ 20 ശതമാനത്തിലും കുറവ് പേഴ്സണൽ സ്റ്റാഫിനെ മാത്രമേ പ്രധാനമന്ത്രി കൂടെക്കൊണ്ടുപോകാറുള്ളു. പണ്ട് പ്രതിനിധി സംഘത്തിലുള്ള ഓരോ ഉദ്യോഗസ്ഥനും ഓരോ കാറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് എല്ലാവരും ഒരുമിച്ച് ബസിലോ മറ്റ് വാഹനങ്ങളിലോ ആണ് പോകാറുള്ളത്'-അമിത് ഷാ പറഞ്ഞു.