മെക്‌സിക്കോ സിറ്റി: നിരവധി റെക്കാർഡുകൾ ഭേദിച്ച, ലോകപ്രശസ്ത അമേരിക്കൻ റോക്ക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് (31) സാഹസിക മലകയറ്റത്തിനിടെ 600 അടി താഴ്ചയിലേക്ക് വീണു മരിച്ചു.
ബുധനാഴ്ച വടക്കൻ മെക്സികോയിലെ എൽ പോട്രെറോ ചികോ കൊടുമുടിയിലെ കിഴുക്കാംതൂക്കായ പാറക്കൂട്ടത്തിൽ നിന്നാണ് മരണത്തിലേക്ക് വീണത്.
അമേരിക്കക്കാരനായ എയ്ഡൻ ജേക്കബ്സണിനൊപ്പം (26) രണ്ട് ദിവസം കൊണ്ട് 2500അടി ഉയരമുള്ള കൊടുമുടിയുടെ മുകളിലെത്തി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം.
260 അടി നീളമുള്ള വടം ഉപയോഗിച്ചാണ് ഇരുവരും പാറക്കെട്ട് കയറിയിരുന്നത്.
പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറിൽ തൂങ്ങി താഴേക്ക് ഇറങ്ങുമ്പോൾ (ഒറ്റ കയറിന്റെ ഇരുവശത്തും തൂങ്ങിപ്പിടിച്ച് ഇരുവരുടെയും ശരീരഭാരം പരസ്പരം ബാലൻസ് ചെയ്യുന്ന സിമുൽ-റാപ്പല്ലിംഗ് രീതി) പിടിവഴുതി വീഴുകയായിരുന്നു. വടത്തിൽ പിടിക്കാനുള്ള കെട്ടുകളില്ലായിരുന്നു.
വീഴുന്നതിനിടെ പാറയുടെ തള്ളി നിൽക്കുന്ന ഭാഗത്തെ കുറ്റിച്ചെടിയിലേക്ക് പതിച്ചതിനാൽ ജേക്കബ്സൺ തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപെട്ടു. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്സൺ ചികിത്സയിലാണ്.
‘ഗോബ്രൈറ്റിനേക്കാൾ അൽപം മുകളിലായിരുന്നു ഞാൻ. ഞാൻ ഇടതുവശത്തും ഗോബ്രൈറ്റ് വലതുവശത്തും. പെട്ടന്നാണ് താഴേക്ക് പതിച്ചത്’- ജേക്കബ്സൺ പറഞ്ഞു.
ഗോബ്രൈറ്റ്
ഒറ്റയ്ക്ക് അ പകടകരമായ പാറക്കെട്ടുകള്‍ കയറുന്ന സാഹസികൻ
സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാറില്ല
2017ൽ കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലുള്ള എൽ ക്യാപ്റ്റൻ കൊടുമുടി റെക്കോർഡ് വേഗത്തിൽ കയറി പ്രശസ്തനായി