ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അദ്ധ്യക്ഷനായ രണ്ടംഗബെഞ്ച് ഉത്തരവിട്ടു. കേസിലെ പ്രധാനപ്പെട്ട രേഖയായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേസ് കൊച്ചിയിലെ പ്രത്യേക കോടതി നാളെ പരിഗണിക്കും. വിചാരണക്ക് മുമ്പുള്ള തുടർ നടപടികളുടെ ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ നാളെ ഹാജരാകണം. ദിലീപ് വിദേശത്തായതിനാലാണ് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ പരിശോധിക്കാനും കേന്ദ്ര ഫോറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാനും ദിലീപിന് അനുമതി നല്‍കി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ തീർപ്പായതോടെ കേസില്‍ നിര്‍ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും.
അതേസമയം, ദൃശ്യങ്ങൾ കാണാൻ ദീലീപിന് കോടതി അനുമതി നൽകി. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് കെെമാറില്ലെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ പരിശോധിക്കാം. ജസ്റ്റിസുമാരായ എ.എം ഖൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ സ്വകാര്യത പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.