കൊച്ചി:കൊച്ചി കാൻസർ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇൻകെൽ ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത് എന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാനേജിംഗ് ഡയറക്‌ടർ പ്രസ്താവനയിൽ വ്യക്തമാക്കി.

കാൻസർ സെന്ററിന്റെ നിർമ്മാണത്തിന് ഇൻകെലിനെ എസ്.പി.വി ആയാണ് നിയമിച്ചത്. നിർമ്മാണ ചുമതലകൾക്കായി തമിഴ്‌നാട് ഈറോഡിലെ പി ആൻഡ് സി പ്രോജക്‌ട്സിനെ ഇ-ടെൻഡർ വഴി തിരഞ്ഞെടുത്തു. ഇത് കിഫ്‌ബി അംഗീകരിച്ചു. ജില്ലാ കളക്‌ടർ സ്‌പെഷ്യൽ ഓഫീസറായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നത്.

പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ ഈ കരാറുകാരനെ പുറത്താക്കണമെന്ന് ജൂണിൽ ഇൻകെൽ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആഗസ്‌റ്റ് നാലിന് ചേർന്ന യോഗത്തിൽ കരാറുകാരൻ കൂടുതൽ തൊഴിലാളികളെ നിയമിച്ച്, നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ കരാർ റദ്ദാക്കൽ മരവിപ്പിച്ചു.

മൂന്നുമാസത്തിന് ശേഷവും പുരോഗതി ഇല്ലാത്തതിനാൽ കരാറുകാരന് നവംബർ 22ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 25ൽ കളക്‌ടർ വിളിച്ച യോഗത്തിൽ ഇൻകെൽ ചീഫ് എൻജിനിയർ കരാറുകാരന്റെ നിർമ്മാണത്തിലെ ന്യൂനതകൾ വിശദീകരിച്ചിരുന്നു. പോർച്ചിന്റെ കോൺക്രീറ്റിംഗിനിനിടെ തട്ടിന്റെ തൂണുകൾ തെന്നിപ്പോയതാണ് അപകടത്തിന് കാരണം. കരാറുകാരന്റെ അശ്രദ്ധയുമുണ്ട്. ഇതിന് കോൺക്രീറ്രിന്റെ ഗുണനിലവാരവുമായി ബന്ധമില്ല.

സർക്കാരിനെ അപകീ‌ർത്തിപ്പെടുത്താനാണ് ഇൻകെൽ ആണ് കരാർ എടുത്തതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് ഇൻകെലിന് ആക്ഷേപകരമാണെന്നും മാനേജിംഗ് ഡയറക്‌ടർ പറഞ്ഞു.