കവിതയെ ജീവിതമാക്കുകയും ജീവിതത്തെ കവിതയാക്കുകയും ചെയ്ത കവിയാണ് അക്കിത്തം. അക്കിത്തത്തിന്റെ കാവ്യഭാഷ തികച്ചും മൗലികമായ ഒന്നാണ്. അത് ധ്യാനാത്മകവും ധ്വനി സാന്ദ്രവുമാണ്. കവി ബോധപൂർവമായോ അബോധപൂർവമായോ തന്റെ കവിതയിൽ നിന്ന് കാല്പനികതയെ ചോർത്തിക്കളയുന്നു. അക്കിത്തത്തിന്റെ കവിതകളിൽ മധുരകോമള പദാവലികളില്ല, അക്കിത്തത്തിന്റെ കവിത ഉപനിഷദ് സംസ്കാരത്തിന്റെ ചിരപുരാതനമായ ആരണ്യഭൂമിയിൽ വേരുകളാഴ്ത്തുന്നു. അതിന്റെ ശാഖകൾ പുതിയ ആകാശങ്ങൾ കടന്ന്, വിദൂരനക്ഷത്രങ്ങൾ കടന്ന്, ചിരപുരാതന സത്യത്തിലേക്ക് പടർന്നുകയറുന്നു.
ഭാരതീയ കാവ്യദർശനം കവിയെ ഋഷിയായി കാണുന്നു. ഋഷിയല്ലാത്ത ആൾ കവിയല്ല. ത്രികാലങ്ങളെയും കടന്നുകാണുന്നവനാണ് കവി. മലയാള കവിതയിൽ എഴുത്തച്ഛനും ശ്രീനാരായണഗുരുവിനും കുമാരനാശാനും ശേഷം നാം കാണുന്ന ഋഷിതുല്യനായ കവി അക്കിത്തമാണ്. ആധുനിക മലയാള കവിതയ്ക്ക് ആദ്ധ്യാത്മിക ദർശനത്തിന്റെ തിളക്കം പകർന്ന അക്കിത്തത്തെ ഭാരതീയ ഋഷി പരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണിയെന്ന് വിശേഷിപ്പിക്കാം. അതിലളിതമായ ജീവിതവും ഉദാത്തമായ ദർശനവും കൊണ്ട് അക്കിത്തം കാലത്തെ അതിജീവിക്കുന്നു.
മലയാള കവിതയിൽ ആധുനികതയുടെ യുഗം ആരംഭിക്കുന്നത് അക്കിത്തത്തിന്റെ ' ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തോടെ "യാണ്.
' ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി -
ലായിരം സൗരമണ്ഡലം "
ഈ വരികളിലെ സൂക്ഷ്മദർശനമാണ് അക്കിത്തത്തിന്റെ കവിതയുടെ പൊരുൾ. സമുദ്രത്തിന്റെ ഒരു തുള്ളിയിൽ സമുദ്രം മുഴുവനും ഉൾച്ചേർന്നിരിക്കുന്നതു പോലെ, അക്കിത്തത്തിന്റെ ഏത് കവിതയിലെ ഏത് വരിയിലും നിരുപാധികമായ ഈ സ്നേഹദർശനം ജ്വലിച്ചു നിൽക്കുന്നു.