തിരുവനന്തപുരം: എസ്.ബി.ഐയുടെ ഭവന വായ്‌പയ്ക്ക് കേരളത്തിൽ ആവശ്യക്കാർ ഏറുകയാണെന്ന് ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് പറഞ്ഞു. ഭവന വായ്‌പയ്ക്ക് എസ്.ബി.ഐ ഏറ്രവും കുറഞ്ഞ പലിശയാണ് ഈടാക്കുന്നതെന്നതാണ് പ്രിയത്തിന് കാരണം. 8.15 ശതമാനമാണ് എസ്.ബി.ഐയുടെ പലിശ. മറ്റു ബാങ്കുകൾ 8.50 ശതമാനമോ അതിൽ കൂടുതലോ ആണ് ഈടാക്കുന്നത്.
പ്രതിമാസത്തവണകളും കുറവായതിനാൽ ടേക്ക്-ഓവർ ആവശ്യങ്ങളും ധാരളമായി എസ്.ബി.ഐയ്ക്ക് ലഭിക്കുന്നുണ്ട്. മറ്റു ബാങ്കുകളിൽ നിന്നും ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്‌പ എടുത്തവർ എസ്.ബി.ഐയെ ടേക്ക്-ഓവർ ആവശ്യത്തിന് സമീപിക്കുന്നുണ്ട്. അതേസമയം, വ്യവസ്ഥകളിൽ വിട്ടുവീഴ്‌ചയ്ക്ക് എസ്.ബി.ഐ ഒരുക്കവുമല്ല. വസ്‌തുസംബന്ധിച്ച രേഖകളും ആധാരങ്ങളും കൃത്യമായിരിക്കണം. മൂല്യങ്ങളും ഗുണഭോക്താക്കളുടെ വിശ്വാസവും നഷ്‌ടപ്പെടുത്താൻ എസ്.ബി.ഐ തയ്യാറല്ല.
എസ്.എം.ഇ., എം.എസ്.എം.ഇ മേഖലകളിലും ഫണ്ടുകൾ ലഭ്യമാക്കാൻ എസ്.ബി.ഐ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ മേഖലയിൽ നിന്ന് ആവശ്യക്കാർ കുറവാണ്. എന്നാൽ, റിപ്പോ ലിങ്ക്ഡ് പലിശനിരക്കിനെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണെന്നതിനാൽ ഭവന വായ്‌പയ്ക്ക് അപേക്ഷകർ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.