മലയാള സിനിമയെ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ച 'ചോല'യുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോർജും നിമിഷ സജയനും. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോൾ നിമിഷയെ മികച്ച നടിയായി തിരഞ്ഞെടുത്തു.
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” എന്ന ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിൽ പ്രദർശിപ്പിച്ചിരുന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേർന്ന് സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഡിസംബർ 6നാണ് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.