തിരുവനന്തപുരം : ഷെയ്ൻ നിഗമിനെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ. സിനിമയുടെ തുടർച്ചയെ ബാധിക്കുന്ന തരത്തിൽ ഷെയ്ൻ പെരുമാറിയതിനെ പ്രതിഷേധമെന്നല്ല തോന്നിവാസമെന്നാണ് പറയേണ്ടതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.ഷെയ്ൻ ചെയ്തത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ ശരത് ഫെഫ്കയ്ക്ക് നൽകിയ കത്ത് പ്രകാരം വെയിൽ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങാതിരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷനോട് ആവശ്യപ്പെടുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അതേസമയം ഫെഫ്ക ഷെയ്‌നുമായി നിസ്സഹകരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെയിൽ, ഖുർബാനി എന്ന സിനിമകൾ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ഷെയ്ൻ പുതിയൊരു സിനിമയുമായി സഹകരിക്കാവൂ എന്ന് വ്യക്തമാക്കുന്ന ഒരു കത്ത് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നേരത്തെ നല്‍കിയിരുന്നു.
യുവതാരങ്ങൾക്കിടയിലെ ലഹരി മരുന്നുപയോഗത്തിനെക്കുറിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അതിവൈകാരികമായാണ് പ്രതികരിച്ചതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു..ഏതു നിമിഷവും പൊലീസ് കയറി വന്ന് റെയ്ഡ് ചെയ്യേണ്ട ഒരു മേഖലയാണ് സിനിമയെന്ന് കരുതുന്നില്ല. അത് അനുവദിക്കാനാകില്ല. ഷൂട്ടിംഗിന് തടസം സൃഷ്ടിച്ചുകൊണ്ട് ലഹരി മരുന്നുപയോഗിക്കുമ്പോഴാണ് അതൊരു തൊഴിൽ പ്രശ്‌നമായി മാറുന്നത്. അതുവരെ അതൊരു സ്വകാര്യതയുടെ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.