shivsena

മുംബയ്: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഗോവയിലും 'രാഷ്ട്രീയഭൂകമ്പം" സൃഷ്ടിക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട്.

'മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ ഗോവയിലും സമീപഭാവിയിൽ ഒരു അദ്ഭുതം പ്രതീക്ഷിക്കാം. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയിൽ വൈകാതെ രൂപംകൊള്ളും. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് അത് നീളും. അങ്ങനെ രാജ്യത്തുടനീളം ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ സഖ്യം വ്യാപിക്കും'- റൗട്ട് പറഞ്ഞു.

ഇന്നലെ രാവിലെ ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയെയും മൂന്ന് എം.എൽ.എമാരെയും മുംബയിലേക്കു വിളിച്ച് ഗോവയിലെ രാഷ്ട്രീയ സാഹചര്യം റൗട്ട് വിലയിരുത്തിയിരുന്നു.

'വിജയ് സർദേശായ് ഉൾപ്പെടെ ഗോവയിലെ നാല് എം.എൽ.എമാർ ശിവസേനയുമായി ബന്ധം പുലർത്തുന്നുണ്ട്. ഗോവയിൽ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന ചില എം.എൽ.എമാരുമായും നല്ല ബന്ധത്തിലാണ്'- സഞ്ജയ് പറഞ്ഞു. കോൺഗ്രസും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന.

'മഹാരാഷ്ട്രയിൽ എന്താണോ സംഭവിച്ചത് അതു തന്നെ ഗോവയിലും ആവർത്തിക്കപ്പെടും. ശിവസേനയും എൻ.സി.പിയും യോജിച്ച് ഒരു ശക്തമായ സഖ്യം ഉണ്ടാക്കും' -സർദേശായി പറഞ്ഞു.

 ഗോവ ഇങ്ങനെ

 40 അംഗ ഗോവ നിയമസഭയിൽ ബി.ജെ.പിക്ക് 27 എം.എൽ.എമാർ

ഗോവ ഫോർവേഡ് പാർട്ടി-3, കോൺഗ്രസ്- 5, എൻ.സി.പി-1, മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി-1, സ്വതന്ത്രർ -3.

ഭീഷണിയില്ല

2017ൽ ഫലം വന്നപ്പോൾ 17 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 13 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി അപ്രതീക്ഷിത നീക്കത്തിലൂടെ സർക്കാരുണ്ടാക്കുകയായിരുന്നു. അന്ന് എം.ജി.പിക്ക് മൂന്നു പേരുണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. രണ്ട് തവണയായി കോൺഗ്രസിൽ നിന്ന് 12 പേർ ബി.ജെ.പിയിലെത്തി.

ഗോവ ഫോർവേഡ് പാർട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കിയാലും ബി.ജെ.പിക്ക് തത്കാലം ഭീഷണിയില്ല.