ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി ജി.ഡി.പി വളർച്ച നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ജൂലായ് - സെപ്‌തംബർ പാദത്തിൽ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. പുതിയ ജി.ഡി.പി നിർണയ വർഷ മാനദണ്ഡം നിലവിൽ വന്ന 2012-13ന് ശേഷം കുറിക്കുന്ന ഏറ്റവും മോശം വളർച്ചയാണിത്. 2012-13 ജനുവരി-മാർച്ച് പാദത്തിൽ കുറിച്ച 4.3 ശതമാനമാണ് ഇതിനുമുമ്പത്തെ ഏറ്റവും കുറഞ്ഞ വളർച്ച.
നടപ്പുവർഷത്തെ- ആദ്യപാദമായ ഏപ്രിൽ-ജൂണിൽ വളർച്ച അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. 2018-19ലെ ജൂലായ് - സെപ്‌തംബർ പാദത്തിൽ വളർച്ച 7.1 ശതമാനമായിരുന്നു. ഉപഭോക്തൃ വിപണിയിലെ മാന്ദ്യവും സ്വകാര്യ നിക്ഷേപങ്ങളിലുണ്ടായ ഇടിവും വ്യവസായ മേഖലയിലെ തളർച്ചയുമാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്.