തിരുവനന്തപുരം : എം.ജി. റോഡിൽ ഉപരോധസമരം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ കെ.എസ്.യു. പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി അടക്കമുള്ളവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിപക്ഷനേതാവുമായി നടത്തിയ ചർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെതുടർന്ന് കെ..എസ്.യു ഉപരോധം അവസാനിപ്പിച്ചു. നടപടിയെടുത്തില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
കെ.എസ്.യു. പ്രവർത്തകരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. എം.ജി. റോഡ് ഉപരോധിച്ചത്. ..അതേസമയം എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകരും റോഡ് ഉപരോധിച്ചു. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുകോൺഗ്രസ് നേതാക്കളും പങ്കെടുത്തു,
യൂണിവേഴ്‌സിറ്റി കോളേജിൽ കെ.എസ്.യു. പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാരെ കോളേജിൽനിന്ന് പുറത്താക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. റോഡിൽ കിടന്ന് മരിച്ചാലും വേണ്ടില്ല, എസ്എഫ്‌ഐ ഗുണ്ടകളെ പുറത്താക്കണം. അവരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലേക്ക് പ്രകടനവുമായെത്തിയ കെ.എസ്.യു. പ്രവര്‍ത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ നേരിട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡിന്റ് കെ.എം അഭിജിത്തിന് പരിക്കേറ്റു. തടിക്കഷണം കൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചെന്ന് അഭിജിത്ത് പറഞ്ഞു.