bpcl

കൊച്ചി: ബി.പി.സി.എൽ ഓഹരി വില്‌പനയ്‌ക്കായുള്ള ഉപദേശകരായ പ്രമുഖ പ്രൊഫഷണൽ സർവീസ് നെറ്ര്‌വർക്ക്, അക്കൗണ്ടിംഗ് സ്ഥാപനമായ ഡെലോയിറ്രിനെ കേന്ദ്രസർക്കാരിന് കീഴിലുള്ള ഇൻവെസ്‌റ്ര്‌മെന്റ് ആൻഡ് പബ്ളിക് അസറ്ര് മാനേജ്‌മെന്റ് വകുപ്പ് തിരഞ്ഞെടുത്തു. 2020 മാർച്ചിനകം ബി.പി.സി.എൽ ഓഹരി വില്‌പന പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

കേന്ദ്രസർ‌ക്കാരിന് ബി.പി.സി.എല്ലിൽ 53.29 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഈ ഓഹരികൾ പൂർണമായി സർക്കാർ‌ വിറ്രൊഴിയും. വ്യാഴാഴ്‌ചത്തെ ഓഹരി വിലയായ 509 രൂപ പ്രകാരം ബി.പി.സി.എല്ലിന്റെ മൂല്യം 1.10 ലക്ഷം കോടി രൂപയാണ്. ഓഹരി വിറ്രഴിച്ച് 60,000 കോടി രൂപ നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, വ്യാഴാഴ്‌ചത്തെ വിലപ്രകാരം സർക്കാരിന്റെ ഓഹരികളുടെ മൂല്യം 59,000 കോടി രൂപയാണ്.

ബി.പി.സി.എല്ലിന്റെ അസാമിലെ നുമാലിഗഢ് റിഫൈനറി ഒഴികെയുള്ള ആസ്‌തികളാണ് സർക്കാർ വില്‌ക്കുക. എറണാകുളം അമ്പലമുഗളിലെ ബി.പി.സി.എൽ കൊച്ചി റിഫൈനറിയും ഇതിലുൾപ്പെടും.