ശിവമോഗ: കുരങ്ങുശല്യം രൂക്ഷമായതിനെ തുടർന്ന് ശിവമോഗയിലെ കർഷകൻ പ്രയോഗിച്ച തന്ത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വളർത്തു നായയെ കടുവയുടെ പെയിന്റടിച്ച് നിർത്തിയാണ് കർഷകൻ ധാന്യം നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ വഴി കണ്ടെത്തിയത്. കുരങ്ങു ശല്യം സഹിക്കവയ്യാതെ വളർത്തു നായയുടെ ശരീരത്തിൽ കറുത്ത ചായം പൂശി രംഗത്തിറക്കുകയായിരുന്നു.
കർണാടകയിലെ ചില ഗ്രാമങ്ങളിൽ കൃഷിയിടങ്ങളിലെ ശല്യക്കാരെ തുരത്താനായി കടുവയുടെ പാവ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുപോലെ ഒരു പാവയെ തന്റെ കൃഷിയിടത്തും വച്ചു. അതോടെ കുരങ്ങന്മാരുടെ ശല്യം കുറഞ്ഞു. ഇതാണ് നായയെ കടുവയുടെ നിറം പൂശാൻ പ്രേരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ കൃഷിയിടങ്ങളിൽ കടുവകളുടെ പാവകളെ ഉപയോഗിച്ച് കുരങ്ങുകളെ തുരത്തിയ തന്ത്രം ഫലിച്ചതോടെയാണ് തന്റെ വളർത്തുനായയെ കളറടിച്ച് രംഗത്തിറക്കുകയായിരുന്നു. ഹെയർ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചതെന്നും ഒരു മാസം വരെ ഈ നിറം നിലനിൽക്കുമെന്ന് ശ്രീകാന്ത് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. എന്തായാലും നായയ്ക്ക് കടുവയുടെ നിറം പൂശിയതോടെ ധാന്യങ്ങൾ നശിപ്പിക്കാനെത്തുന്ന കുരങ്ങുകളുട ശല്യം കുറഞ്ഞെന്നാണ് കർഷകൻ പറയുന്നത്.