rrr

മുംബയ്:ശിവസൈനികർക്ക് മാതോശ്രീയിലെ അന്നപൂർണേശ്വരി. മറാത്തി ജനതയ്‌ക്ക് കുലീനയായ വീട്ടമ്മ. ഉറ്റബന്ധുക്കൾക്കോ ക്ളാസിക്കൽ സംഗീതം ആലപിക്കുന്ന ഗായിക. പൊതുവേ മിതഭാഷി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറെയ്‌ക്ക് അവൾ 'ജീവിത രശ്മിയാണ്'... ഉദ്ധവിന് വെറും ഭാര്യമാത്രമല്ല രശ്മിതാക്കറെ. രാഷ്ട്രീയത്തിലെ വലംകൈ, പൊഫ്രഷണൽ ജീവിതത്തിലെ ഉപദേശക. ഇപ്പോഴിതാ മഹാരാഷ്ട്രയുടെ പ്രഥമ വനിത.

ഫോട്ടോഗ്രാഫി രക്തത്തിലലിഞ്ഞ ഉദ്ധവിന്റെ രാഷ്ട്രീയ ഉയർച്ചയ്‌ക്ക് പിന്നിലെ നിശബ്‌ദമായ സ്ത്രീ സാന്നിദ്ധ്യമാണ് ഭാര്യ രശ്‌മി താക്കറെ. ഇളയ മരുമകളാണെങ്കിലും താക്കറെ ഭവനമായ മാതോശ്രീയിൽ മകളുടെ സ്ഥാനമാണ് രശ്‌മിക്ക്. രാഷ്ട്രീയ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കാറില്ലെങ്കിലും, ശിവസേനയിലെ ഓരോ ഇലയനക്കവും സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് രശ്‌മി. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരുമാസം നടന്ന നാടകീയ പടനീക്കങ്ങളുടെ അണിയറയിൽ രശ്‌മി സജീവമായിരുന്നു എന്നാണ് ഇപ്പോൾ പുരത്തു വരുന്ന റിപ്പോർട്ടുകൾ. പാർട്ടിയിൽ ഉയർന്ന എതിർസ്വരങ്ങൾ പരിഹരിക്കാൻ രശ്‌മിയുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. നിർണായക തീരുമാനങ്ങൾക്ക് മുമ്പ് ഉദ്ധവ് ഭാര്യയുടെ ഉപദേശം തേടാറുണ്ട്. 2005 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർട്ടി പരിപാടികളിലും രശ്‌മി സജീവ സാന്നിദ്ധ്യമായി. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഉദ്ധവ് ഗവർണറുടെ വസതിയിലെത്തിയപ്പോഴും രശ്‌മി ഒപ്പമുണ്ടായിരുന്നു.

രശ്‌മി താക്കറെ

 ഡോംബിവ്‌ലിയിലെ ഇടത്തരം കുടുംബത്തിൽ ജനനം.

വസേകേൽക്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം

1987ലാണ് എൽ.ഐ.സിയിൽ കരാർ വ്യവസ്ഥയിൽ ജോലി

അവിടെവച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെയുടെ സഹോദരി ജയജാവന്തിയുമായി സൗഹൃദത്തിലായി.

ജയജാവന്തി മുഖേനെ ഉദ്ധവിനെ പരിചയപ്പെട്ടു

അന്ന് ഫോട്ടോഗ്രാഫറും പരസ്യ ഏജൻസി നടത്തിപ്പുകാരനുമൊക്കെയാണ് ഉദ്ധവ്.

1989 ഡിസംബർ13ന് ഇരുവരും വിവാഹിതരായി.