gdp

കൊച്ചി: സമ്പദ്‌രംഗത്തെ സർവമേഖലയെയും തകർത്തെറിഞ്ഞാണ് നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് ഇന്ത്യൻ ജി.ഡി.പി ഇടിഞ്ഞത്. സ്ഥിതി കൂടുതൽ ദയനീയമെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിലെ തകർച്ച.

2012-13നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനത്തിലേക്കാണ് കഴിഞ്ഞപാദത്തിൽ ജി.ഡി.പി വളർച്ച തകർന്നടിഞ്ഞത്. വായ്‌പാ വിതരണം കുറഞ്ഞതു മൂലമുണ്ടായ പണലഭ്യതക്കുറവിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ്, കാർഷിക മേഖലകളുടെ തകർച്ച, ഉപഭോക്തൃ വിപണിയിലെ മാന്ദ്യം, വ്യവസായ രംഗത്തെ മുരടിപ്പ് എന്നിവയാണ് ജി.ഡി.പിയെ വലയ്ക്കുന്നത്.

കഴിഞ്ഞവർഷത്തെ ജൂലായ് - സെപ്‌തംബർ പാദത്തിൽ ജി.ഡി.പി ഏഴ് ശതമാനം വളർന്നിരുന്നു. വ്യവസായ ഉത്‌പാദന സൂചികയിൽ 75 ശതമാനം പങ്കുവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർ‌ച്ച 2018ലെ സമാനപാദത്തിലെ പോസിറ്റീവ് 6.9 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ നെഗറ്റീവ് 1.0 ശതമാനത്തിലേക്ക് ഇടിഞ്ഞു. കാർഷിക വളർച്ച 4.9 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്കും കുറഞ്ഞു.

8.5 ശതമാനത്തിൽ നിന്ന് നിർമ്മാണ മേഖലയുടെ വളർച്ച 3.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതും തിരിച്ചടിയായി. ഖനന മേഖല നെഗറ്റീവ് 2.2 ശതമാനത്തിൽ നിന്ന് 0.1 ശതമാനത്തിലേക്ക് വളർച്ച മെച്ചപ്പെടുത്തിയെങ്കിലും ജി.ഡി.പിയുടെ മൊത്തം തകർ‌ച്ചയെ തടയാനായില്ല. വൈദ്യുതി, വെള്ളം തുടങ്ങിയ സേവന മേഖലകളുടെ വള‌ർച്ച 8.7 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്ക് താഴ്‌ന്നത് മാന്ദ്യം ശക്തമെന്നതിന് തെളിവാണ്.

വ്യാപാരം - ഹോട്ടൽ മേഖലയുടെ വളർച്ച 6.9 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിലേക്ക് കുറഞ്ഞു. റിയൽ എസ്‌റ്റേറ്റ് മേഖല ഏഴ് ശതമാനത്തിൽ നിന്ന് 5.8 ശതമാനത്തിലേക്കും വളർച്ചായിടിവ് കുറിച്ചു. ജി.ഡി.പി വളർച്ചാ നിർണയത്തിന്റെ മുഖ്യ സൂചകങ്ങളിലൊന്നായ വാഹന വില്‌പന ജൂലായ് - സെപ്‌തംബറിൽ 23.7 ശതമാനമാണ് ഇടിഞ്ഞത്.

തിളക്കം മാഞ്ഞ് ഇന്ത്യ

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യയുടെ കുത്തകയായിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാംപാദത്തിലും ചൈനയ്ക്ക് മുന്നിൽ ഇന്ത്യയത് അടിയറവുവച്ചു. കഴിഞ്ഞപാദത്തിൽ ചൈന ആറു ശതമാനം വളർന്നിരുന്നു. ഇന്ത്യൻ വളർച്ച 4.5 ശതമാനം മാത്രം. നിക്ഷേപകരുടെ കീശയിൽ നിന്ന് ചോർന്നത് 82,400 കോടി രൂപ.

തളരുന്ന ജി.ഡി.പി

2018-19

ഏപ്രിൽ - ജൂൺ : 8%

ജൂലായ് - സെപ്‌തം : 7%

ഒക്‌ടോ - ഡിസം : 6.6%

ജനുവരി-മാർച്ച് : 5.8%

2019-20

ഏപ്രിൽ-ജൂൺ : 5%

ജൂലായ് - സെപ്‌തം : 4.5%

നിരാശപ്പെടുത്തിയ

മേഖലകൾ

(ബ്രായ്ക്കറ്റിൽ വളർച്ചാനിരക്ക്)

 മാനുഫാക്‌ചറിംഗ് (-1.0%)

 കാ‌ർഷിക മേഖല (2.1%)

 നിർമ്മാണം (3.3%)

₹35.99 ലക്ഷം കോടി

കഴിഞ്ഞപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 35.99 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിൽ മൂല്യം 34.43 ലക്ഷം കോടി രൂപ. ഇക്കുറി വളർച്ച 4.5 ശതമാനം.

102.4%

ഇന്ത്യയുടെ ധനക്കമ്മി ഏപ്രിൽ-ഒക്‌ടോബറിൽ നടപ്പുവർഷത്തെ ബഡ്ജറ്റ് വിലയിരുത്തലിന്റെ 102.4 ശതമാനം (7.2 ലക്ഷം കോടി രൂപ) കവിഞ്ഞു.

5.8%

ഇന്ത്യയുടെ മുഖ്യവ്യവസായ വളർച്ച ഒക്‌ടോബറിൽ ഏഴുവർഷത്തെ താഴ്‌ചയായ 5.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

ഓഹരികൾ

തകർന്നു

ജി.ഡി.പി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ മോശമാകുമെന്ന സൂചനകളെ തുടർന്ന് ഇന്ത്യൻ ഓഹരികൾ ഇന്നലെ കനത്ത നഷ്‌ടം കുറിച്ചു. സെൻസെക്‌സ് 336 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ് ഇടിഞ്ഞത്.