ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക് സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്..കഴിഞ്ഞ ആറുവർഷങ്ങളിലെ ഏറ്റവുംകുറഞ്ഞ വളർച്ചാനിരത്താണിത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് അഞ്ച് ശതമാനമായിരുന്നു. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ജി.ഡി.പി നിരക്കുകൾ പുറത്തുവിട്ടത്. മുൻവർഷം ഈ കാലയളവിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബർ -ഡിസംബർ കാലയളവിൽ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു, 2018- 19 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വളർച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു.
അഞ്ചിന് താഴേക്ക് ഇടിവുണ്ടാകുന്നത് രാജ്യം വളർച്ചാ മാന്ദ്യത്തിന്റെ പിടിയിലാണെന്നതിന്റെ സൂചനയാണെന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
രാജ്യത്ത് ഇപ്പോൾ ദൃശ്യമാകുന്നത് വളർച്ചാ മുരടിപ്പാണെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ലെന്നും അവർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.