trump

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താലിബാനെതിരെ പോരാടുന്ന യു.എസ് സൈനികരെ നേരിൽ കണ്ട് നന്ദി പറഞ്ഞു. ആദ്യമായാണ് ട്രംപ് അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്നത്.

കാബൂളിന് പുറത്തുള്ള ബാഗ്രാം സൈനികതാവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ട്രംപ് താലിബാനുമായി സമാധാന ചർച്ചകൾ പുനരാരംഭിച്ചതായി അറിയിച്ചു.

'അമേരിക്കയുമായി സമാധാനക്കരാറുണ്ടാക്കാൻ താലിബാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ അന്തിമ വിജയം വരെ സൈന്യം ഇവിടെത്തന്നെ തുടരേണ്ടിവരും.'- ട്രംപ് പറഞ്ഞു.

സമാധാനക്കരാറിന് താലിബാന് താത്പര്യമുണ്ടെങ്കിൽ വെടിനിറുത്തൽ കരാറും അംഗീകരിക്കേണ്ടിവരുമെന്ന് അഷ്റഫ് ഗാനി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സെപ്‌റ്റംബറിൽ കാബൂളിൽ അമേരിക്കൻ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിരുന്നു. തുടർന്ന് അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാന ചർച്ച റദ്ദാക്കി. അഫ്ഗാനിസ്ഥാനിൽ 18 വർഷമായി നടക്കുന്ന താലിബാൻ - യു.എസ് ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാനുമായും അഫ്ഗാൻ പ്രസിഡന്റുമായും ചർച്ചനടത്താൻ ട്രംപ് തീരുമാനിച്ചത്. ഭീകര പ്രവർത്തനത്തിന് അഫ്ഗാൻ മണ്ണ് ഇനിയൊരിക്കലും ഉപയോഗപ്പെടുത്തില്ലെന്ന് താലിബാൻ ഉറപ്പ് നൽകണമെന്നതാണ് സമാധാന കരാറിന് അമേരിക്കയുടെ പ്രധാന നിബന്ധന.


2001 സെപ്റ്റംബർ 11നാണ് ( 9 /11 ) താലിബാന്റെ സഹായത്തോടെ അൽ ക്വ ഇദ ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയത്. അന്ന് 2,977 പേരാണ് കൊല്ലപ്പെട്ടത്. അതോടെയാണ് താലിബാനെ തുരത്താൻ അമേരിക്ക അഫ്ഗാൻ അധിനിവേശം ആരംഭിച്ചത്. 20,000 സൈനികരാണ് നിലവിൽ അഫ്ഗാനിലുള്ളത്.