കൊച്ചി: ജോലിക്കായി പോയി യമനിൽ കുടുങ്ങിയ ഒമ്പത് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ട് കൊച്ചിയിലെത്തി. കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൻ(47), ആൽബർട്ട് ന്യൂട്ടൻ(35), എസ്‌കലിൻ(29), അമൽ വിവേക്(33), ഷാജൻ(33), സഹായ ജഗൻ(28), സഹായ രവികുമാർ(30), കൊല്ലം സ്വദേശികളായ നൗഷാദ് (41), നിസാർ (44) എന്നിവരാണിവർ.
കഴിഞ്ഞ ഡിസംബർ പതിനെട്ടിനാണ് ഇവർ ഷാർജയിലെത്തിയത്. അവിടത്തെ സ്‌പോൺസർ യമനിലെ മറ്റൊരാൾക്ക് കൈമാറി. മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോൾ ഇവർ കടലിൽ പോകുന്നത് നിറുത്തി. ഇതോടെ സ്‌പോൺസർ ഭക്ഷണവും നൽകാതായി. പട്ടിണിയായതോടെ ഇവർ വീണ്ടും ബോട്ടിൽ ജോലിക്കെന്ന പേരിൽ കയറി രക്ഷപ്പെടുകയായിരുന്നു. ലക്ഷദ്വീപിന് സമീപത്തെത്തിയപ്പോൾ ഇന്ധനവും ഭക്ഷണവും തീർന്നു. കൂട്ടത്തിലുള്ള ഒരു തൊഴിലാളിയുടെ ഭാര്യയെ സാറ്റ്‌ലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ ഇവർ വിവരം തീര സംരക്ഷണ സേനയെ അറിയിച്ചു. സേനയുടെ നിരീക്ഷണ വിമാനമാണ് സംഘത്തെ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് കപ്പലായ ആര്യമാൻ ഇവരെ കൊച്ചിയിലെത്തിച്ച് കോസ്റ്റൽ പൊലീസിന് കൈമാറി. ബോട്ട് പൊലീസ് കസ്റ്റഡിയിലാണ്.