പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ച്വറി നേടിയ ശേഷം ആസ്ട്രേലിയൻ ഒാപ്പണർ ഡേവിഡ് വാർണറും മാർനസ് ലബുഷാംഗെയും.
അഡ്ലെയ്ഡിലെ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആസ്ട്രേലിയ ഒന്നാം ദിനം കളിനിറുത്തുമ്പോൾ 302/1 എന്ന നിലയിലാണ് വാർണർ 166 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ മറ്റൊരു സെഞ്ച്വറി വീരൻ ലബുഷാം ഗെയാണ് (126 നോട്ടൗട്ട്) കൂട്ട്. ജോബേൺസിന്റെ (4) വിക്കറ്റ് മാത്രമാണ് ഒാസീസിന് നഷ്ടമായത്. 304 റൺസാണ് വാർണർ-ലബുഷാംഗെ സഖ്യം കൂട്ടിച്ചേർത്തിരിക്കുന്നത്. വാർണറും ലബു ഷാംഗെയും ആദ്യടെസ്റ്റിലും സെഞ്ച്വറി നേടിയിരുന്നു. വാർണറുടെ 23-ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്.
വിന്നേഴ്സ് വിൻഡീസ്
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് വിജയം നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ട്രോഫിയുമായി.
ലക്‌നൗവിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആദ്യ ഇന്നിംഗ്സിൽ 187ന് പുറത്താക്കിയശേഷം വിൻഡീസ് 277 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ അഫ്ഗാൻ 120ന് ആൾ ഒൗട്ടായതോടെ രണ്ടാം ഇന്നിംഗ്സിലെ 31 റൺസ് വിജയലക്ഷ്യം വിൻഡീസ് മൂന്നാം ദിവസം രാവിലെ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇരു ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ റഖീം കോൺവാളാണ് വിൻഡീസ് വിജയത്തിന്റെ ശില്പി. 140 കി.ഗ്രാം ഭാരവും 1.96 മീറ്റർ ഉയരവുമുള്ള റഖീം ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകളാണ് നേടിയത്.
തോം, തോം.... ലതാം ടോം
ഹാമിൽട്ടണിൽ ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി തികച്ച ശേഷം ന്യൂസിലൻഡ് ഒാപ്പണർ ടോം ലതാം. മഴ തടസപ്പെടുത്തിയ മത്സരത്തിന്റെ ആദ്യദിനം ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ കിവീസ് 173/3 എന്ന നിലയിലാണ്. ജിത് റാവൽ (5), കേൻ വില്യംസൺ (4) എന്നിവരുടെ പുറത്താകലിന് ശേഷം ലതാമും (101 നോട്ടൗട്ട്) റോസ് ടെയ്‌ലറും (53) ചേർന്നാണ് കിവീസിനെ കരകയറ്റിയത്. 116 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കളിനിറുത്തിവയ്ക്കുമ്പോൾ അഞ്ച് റൺസുമായി ഹെൻട്രി നിക്കോൾസാണ് ടോമിന് കൂട്ട്. ടോമിന്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.