ഹൈദരാബാദ്: തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയെ കൂട്ടമാനംഭംഗപ്പെടുത്തി തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെയും സഹായികളായ മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹൈദരാബാദിലെ ഔട്ടർ റിംഗ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടേതാണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
യുവതിയുടെ സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികൾ പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. നവാബ്പേട്ടിലെ ക്ലിനിക്കിൽ നിന്ന് മടങ്ങുകയായിരുന്നു യുവതി. വഴിയിലുളള ടോൾഗേറ്റിനടുത്താണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. ഒൻപതരയ്‍ക്ക് ഇവിടെയെത്തിയപ്പോൾ ടയർ കേടായത് കണ്ടതോടെ നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും തനിച്ച് നിൽക്കാൻ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞു.
ഇതിനിടെ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ എത്തി. സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവർ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ അടിപ്പാതയിൽ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. ട്രക്കുകൾ നിർത്തിയിട്ടിരുന്നതിനാൽ റോഡിലൂടെ പോകുന്നവർ സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
ഷംസാബാദിലെ ടോൾ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയിൽ വ്യാഴാഴ്ച രാവിലെ 7.30നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിനു സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടോൾ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ യുവതിയുടെ സ്കൂട്ടർ പാർക്കു ചെയ്തിരിക്കുന്നതും കാണാം.
രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണിൽ സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നൽകി. സമീപത്തു നിർത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷൻമാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.
അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോൾ ബൂത്തിൽ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പരാതി നൽകാനായി ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംസാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
പുലർച്ചെ നാലോടെയാണ് കോൺസ്റ്റബിൾമാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. തന്റെ മകളുടെ ഘാതകരെ പൊതു മധ്യത്തിൽ വച്ച് ജീവനോടെ ചുട്ടുകരിക്കണമെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു..