മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി സർക്കാറിന്റെ വിവാദ പദ്ധതി നിറുത്തിവയ്ക്കാൻ ഉദ്ധവ് താക്കറെയുടെ ഉത്തരവ്.
ആരേ കോളനിയിലെ മരങ്ങൾ മുറിച്ച് മെട്രോ സ്റ്റേഷൻ കാർ ഷെഡ് നിർമ്മിക്കുന്ന പദ്ധതിയാണ് ഉദ്ധവ് താക്കറെ നിറുത്തിവെച്ചത്. പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ പദ്ധതി നിറുത്തിവയ്ക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.
ആരെ മിൽക്ക് കോളനിയിലെ മരങ്ങൾ മുറിച്ച് കാർ ഷെഡ് നിര്‍മ്മിക്കുന്നതിനെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങി വച്ച പദ്ധതി വൻവിവാദമായിരുന്നു.
നാട്ടുകാരും പരിസ്ഥിതി സംഘടനകളും എതിർപ്പുയർത്തിയതിനെ തുടർന്ന് രാത്രിയിലാണ് പൊലീസ് സംരക്ഷണയിൽ മരങ്ങൾ മുറിച്ച് മാറ്റിയത്. പ്രതിഷേധക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മരം മുറിച്ച് പദ്ധതി നടപ്പാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.