നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നടിയുടെ സ്വകാര്യത മാനിച്ച് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാനാകില്ലെന്ന് ജസ്റ്റിസ്‌മാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചു.
പ്രതിക്ക് ദൃശ്യങ്ങൾ കൈമാറുന്നതിനെ സംസ്ഥാന സർക്കാരും നടിയും എതിർത്തിരുന്നു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് 58 പേജുകളുള്ള വിധിയിൽ പറയുന്നു. ദൃശ്യങ്ങൾ പ്രധാന രേഖകളിലൊന്നാണ്. വാട്ടർ മാർക്ക് ചെയ്‌ത് ദൃശ്യങ്ങൾ മതിയെന്ന ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ വാദം അംഗീകരിക്കാനാകില്ല.