തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ അക്കിത്തത്തിന് സ്നേഹാദരവുമായി നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് താരം അനുമോദനങ്ങൾ നേർന്നത്.
''മഹാമേരുവിന് പൂർണ ചന്ദ്രന്റെ മേലാപ്പ്!!!! ജ്ഞാനപീഠ പുരസ്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്.... സ്നേഹാദരം!!, മോഹൻലാൽ കുറിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും അക്കിത്തത്തിന് അനുമോദനങ്ങൾ അറിയിച്ചിരുന്നു. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അപരന് വേണ്ടിയുള്ള സമർപ്പണമാണ് അക്കിത്തത്തിന്റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്. മനുഷ്യന്റെ വേദനകളെച്ചൊല്ലിയുള്ള ആർദ്ര സംഗീതം എപ്പോഴും മനസിൽ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങളിൽ ഇം..എം എസ് നമ്പൂതിരിപ്പാടിനും വി.ടി.ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്റെയും മുൻനിരയിൽ അദ്ദേഹം നിന്നിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. എഴുത്തച്ഛൻ പുരസ്ക്കാരം അടക്കം ലഭിച്ചിട്ടുള്ള ശ്രേഷ്ഠ കവികൂടിയാണ് അക്കിത്തം. ഒ.എൻ.വി കുറുപ്പിന് ശേഷം മലയാളത്തിൽ ജ്ഞാനപീഠം ലഭിക്കുന്ന സാഹിത്യകാരനാണ് അക്കിത്തം. 2017ൽപത്മശ്രീ ബഹുമതി നേടിയിരുന്നു.