തിരുവനന്തപുരം: മേയേഴ്സ് ഗോൾഡ് കപ്പ് ഫുട്ബാളിൽ കേരള പൊലീസിനെ ഷൂട്ടൗട്ടിൽ ഗോകുലം എഫ്.സി ഫൈനലിലെത്തി. നിശ്ചിത സമയത്ത് ഗോളില്ലാ സമനില ലയതിനെത്തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം ജയിച്ചത്.
ഗോകുലത്തിനായി സ്റ്റീഫൻ, ഇമാനുവൽ, ഇസ്മായിൽ, ലാലിയൻ സഖ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മുഹമ്മദ് വാസിമിെൻറ കിക്ക് മാത്രമാണ് പൊലീസിന് തടുക്കാനായത്. ജംഷാദ്, ഇർഷാദ്, അനീഷ് എന്നിവരാണ് പൊലീസിനായി ഗോകുലത്തിെൻറ വലയിലേക്ക് ബാൾ അടിച്ചുകയറ്റിയത്. അഖിൽജിത്തിനും സുജിലിനും ഉന്നം തെറ്റിയതോടെ ഗോകുലം കലാശപ്പോരിന് ടിക്കറ്റെടുക്കുകയായിരുന്നു. കളിയുടെ ആദ്യവിസിൽ മുതൽ ഇരുടീമുകൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുഗോളിമാരുടെയും തകർപ്പൻ പ്രകടനത്തിന് മുന്നിൽ മുന്നേരനിരയുടെ മുനയൊടിയുകയായിരുന്നു. രണ്ടാം പകുതിയിൽ പൊലീസും ഗോകുലവും പകരക്കാരെ ഇറക്കിയെങ്കിലും സ്കോർബോർഡ് അനങ്ങിയില്ല. തുടർന്നായിരുന്നു കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ധൻബാദ് ഫുട്ബാൾ അക്കാദമിയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് തകർത്തു തരിപ്പണമാക്കി. നാല് ഗോൾ അടിച്ച ബോഡോയോണ് ടോപ് സ്‌കോറർ. ആയുഷ് അധികാരി രണ്ടും മൻവീർ സിങ്ങ് ഒരു ഗോളും നേടി. ഇന്ന് ധൻബാദ് കരുത്തരായ എസ്.ബി.ഐ കേരളെ നേരിടും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില നേടിയ എസ്.ബി.ഐക്ക് സെമിയിൽ കടക്കണമെങ്കിൽ എട്ട് ഗോളിനെങ്കിലും ധൻബാദിനെ തോൽപ്പിക്കേണ്ടിവരും. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ 3.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവി കെ.എസ്.ഇ.ബിയെ നേരിടും.