toll-

ന്യൂഡൽഹി: വാഹനങ്ങളുടെ ടോൾ പിരിക്കുന്നത് പേപ്പർരഹിതമാക്കാന്‍ ലക്ഷ്യമിട്ടുളള ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കുന്നത് കേന്ദ്രസർക്കാര്‍ നീട്ടി. ഡിസംബർ ഒന്നിന് രാജ്യമൊട്ടാകെ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച ഫാസ്ടാഗ് സംവിധാനം ഡിസംബർ 15 വരെയാണ് നീട്ടിയത്. ഫാസ്ടാഗിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാവകാശം നൽകുന്നതിന്റെ ഭാഗമായാണ് തീയതി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.


തൃശൂർ പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം ഫാസ്ടാഗ് കാർഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ടോൾ പ്ലാസയുടെ പത്തുകിലോമീറ്റർ ചുറ്റളവിലെ താമസക്കാർക്കു പ്രതിമാസം 150 രൂപ അടച്ചാൽ എത്ര തവണയും യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരാണെങ്കിൽ പ്രതിമാസം 300 രൂപ അടച്ചാൽ സമാനമായ പദ്ധതിയില്‍ ചേരാം.

ടോൾ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഡിസംബർ ഒന്നുമുതൽ രാജ്യത്തൊട്ടാകെ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്. ഓൺലൈനായി ടോൾ തുക നൽകാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്ടാഗ് ഇല്ലാതെ അതിനായുളള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് ഡിസംബർ ഒന്നുമുതൽ ഇരട്ടി ടോൾ തുക ഈടാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.