തിരുവനന്തപുരം : ചെറിയൊരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും കൊലവിളിയുമായി തെരുവിലിറങ്ങി. കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് രണ്ടു ദിവസമായി നടന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ അക്രമസംഭവങ്ങൾ. ഇന്നലെ വൈകിട്ടോടെ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം റോഡിലിറങ്ങി പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം നഗര ഗതാഗതവും സ്തംഭിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് കല്ലേറിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവർ ഐക്യദാർഢ്യവുമായെത്തി. കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിലും റോഡ് ഉപരോധിച്ചു.
ഇരുകൂട്ടർക്കുമിടയിൽ വാനുകൾ നിരത്തിയാണ് പൊലീസ് പ്രതിരോധം തീർത്തത്. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാൻ മുൻകൈയെടുത്ത കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിയുമായ നിതിൻരാജിനെ ബുധനാഴ്ച യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വച്ച് എസ്.എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ആശുപത്രിയിൽ കഴിയുന്ന നിതിന്റെയും മറ്റ് രണ്ട് സുഹൃത്തുക്കളുടെയും സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ റൂമിൽ നിന്നു പിടിച്ചെടുത്ത് എസ്.എഫ്.ഐ പ്രവർത്തകർ കത്തിച്ചെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെ.എസ്.യുക്കാർ ഇന്നലെ വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് നടത്തി. തുടർന്ന് കെ.എസ്.യു പ്രവർത്തകർക്ക് നേരെ കോളേജിനുള്ളിൽ നിന്ന് കല്ലേറുണ്ടായി. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്.
'ഏട്ടപ്പന്റെ" ഭീഷണി
നിതിനെ മർദ്ദിക്കും മുൻപ് എസ്.എഫ്.ഐ നേതാവ് നടത്തുന്ന കൊലവിളിയുടെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. വർഷങ്ങളായി ഹോസ്റ്റലിൽ താമസിക്കുന്ന ഏട്ടപ്പൻ എന്ന് വിളിപ്പേരുള്ള മഹേഷാണ് യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യുവിന്റെ കൊടി പൊക്കിയാൽ കൊല്ലുമെന്ന് നിതിനെ ഭീഷണിപ്പെടുത്തുന്നത്. തുടർന്ന് ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽവച്ച് കെ.എസ്.യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിതിന്റെ ദേഹമാസകലം അടിയേറ്റ പാടുണ്ട്. ഇടത് കൈയിലും മുഖത്തും സാരമായി പരിക്കേറ്റു. നിതിനെ ആശുപത്രിയിലെത്തിച്ചശേഷം വസ്ത്രമെടുക്കാൻ വന്നപ്പോഴാണ് സുദേവിന് മർദ്ദനമേറ്റത്. മഹേഷിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്.
കെ.എസ്.യുവും എസ്.എഫ്.ഐയും നേർക്കുനേർ
ജൂലായ് 12ന് കാമ്പസിലിരുന്ന് പാട്ടുപാടിയതിനിന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേല്പിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് കെ.എസ്.യു യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിക്കുന്നത്. 18 വർഷത്തിന് ശേഷം ജൂലായ് 22ന് കെ.എസ്.യുവിന്റെ കൊടി യൂണിവേഴ്സിറ്റി കോളേജിൽ ഉയർന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു പാനൽ മത്സരിച്ചു. ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും തങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. അതേസമയം ഹോസ്റ്റലിൽ നടന്ന സംഭവത്തെ രാഷ്ട്രീയവത്കരിച്ച് എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണെന്ന് എസ്.എഫ്.ഐ നേതൃത്വവും പറയുന്നു.
കെ.എസ്.യു മാർച്ച് അക്രമാസക്തം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകരെ മർദ്ദിക്കുകയും കെ.എസ്.യുവിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ജലപീരങ്കി പ്രയോഗത്തിൽ പല പ്രവർത്തകരും നിലത്തുവീണു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരത് ശൈലേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം, സുഹൈൽ ഷാജഹാൻ, ബാഹുൽകൃഷ്ണ, സജ്ന, ആര്യ, പ്രിയങ്ക എന്നിവർ പങ്കെടുത്തു.