തിരുവനന്തപുരം: സ്വച്ഛ് ഭാരത്, ക്ളീൻ കേരള തുടങ്ങിയ പദ്ധതികളെ കുറിച്ച് വാചാലമായി സംസാരിക്കുമ്പോഴും മൂന്നര പതിറ്റാണ്ടായി മുടങ്ങി കിടക്കുന്ന തിരുവനന്തപുരം നഗരത്തിലെ ഒരു സ്വിവറേജ് പദ്ധതി ഏത് വിധേനയും പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയുമായി ഒാടി നടക്കുകയാണ് ചാക്ക വാർഡിലെ റസിഡന്റ്സ് അസോസിയേഷനുകൾ. ചാക്ക കല്പകനഗറിനു വേണ്ടി ആരംഭിക്കുകയും പിന്നീട് ജൗ വാർഡിലെ മറ്റ് പ്രദേശങ്ങൾക്കും സമീപ വാർഡായ പെരുന്താന്നിക്കും കൂടി പ്രയോജനകരമായ വിധത്തിൽ വിപുലീകരിക്കുകയും ചെയ്ത പദ്ധതി പൂർത്തിയാകാതെ പോയതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനം ഉദ്യോഗസ്ഥ തലത്തിലുണ്ടായ അനാസ്ഥ തന്നെ. പലകുറി തുടങ്ങുകയും കരാറുകാർ ഉപേക്ഷിച്ചു മടങ്ങുകയും ചെയ്തതല്ലാതെ പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ അധികൃതർ താത്പര്യം കാണിച്ചില്ല. ജൻറം, അമൃത് എന്നീ കേന്ദ്രപദ്ധതികളിൽ നിന്ന് ആവശ്യത്തിന് ഫണ്ട് ലഭിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. സാങ്കേതികത്വവും മറ്റുമായ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ കൈയൊഴിയുകയായിരുന്നു.
ചാക്ക, പെരുന്താന്നി വാർഡുകളിൽ എൻപത് ശതമാനവും നഗരത്തിലെ സ്വിവറേജ് സംവിധാനത്തിന് പുറത്താണ്. മുട്ടത്തറയിൽ വലിയ ശേഷിയുള്ള സ്വിവറേജ് പ്ളാന്റ് വരുന്നതിനൊപ്പം ഇൗ വാർഡുകളിലും സ്വിവറേജ് സംവിധാനം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുട്ടത്തറ പ്ളാന്റ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷങ്ങൾ കഴിയുമ്പോഴും ചാക്കയും പെരുന്താന്നിയും പദ്ധതിക്ക് പുറത്തുതന്നെ. രണ്ടടി കുഴിച്ചാൽ വെള്ളമുള്ള താഴ്ന്ന പ്രദേശങ്ങളാണ് ഇവ്. സ്വിവറേജ് സംവിധാനമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്ന ഇൗ വാർഡുകളിലെ വീട്ടുകാർ ജനപ്രതിനിധികൾ മുഖാന്തരം എത്രയോ നിവേദനങ്ങൾ നൽകിയിട്ടും ഫലം കാണാതെ കിടക്കുകയാണ്. മഴക്കാലത്ത് ഇവിടത്തെ താമസക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ചാക്ക വാർഡിൽ പല ലെയ്നുകളിലും പൈപ്പുകൾ കുഴിച്ചിട്ടിട്ട് വർഷങ്ങളായി. മാൻഹോളുകളും കുറെയൊക്കെ പൂർത്തിയായിട്ടുണ്ട്. പമ്പ്ഹൗസിനായുള്ള കെട്ടിടം പൂർത്തിയായിട്ട് പതിറ്റാണ്ട് കഴിഞ്ഞു. കരാറുകാർ പിന്മാറിയതാണ് പദ്ധതി തടസപ്പെടാൻ കാരണമെന്ന് അധികൃതർ പറയുമ്പോഴും ഇതിനായി അനുവദിച്ചിരുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കാൻ തടസമൊന്നുമുണ്ടായില്ല.
ഇൗ വാർഡുകളിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ചാക്ക വാർഡ് കൗൺസിലർ കൂടിയായ മേയർ കെ. ശ്രീകുമാർ മുൻകൈയെടുത്ത് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് വീണ്ടുമൊരു ശ്രമം തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു. വാട്ടർ അതോറിട്ടിയുടെ പ്ളാൻ പ്രകാരം ഇനിയും പൈപ്പ് ലൈനും മാൻഹോളുകളും സ്ഥാപിക്കാനുണ്ട്.
ദേശീയ പാത ബൈപാസിന്റെ സർവീസ് റോഡിലൂടെ വേണം ഇത് സ്ഥാപിക്കാൻ.
ചാക്കയിലൂടെ കടന്നുപോകുന്ന പാർവതി പുത്തനാറിന്റെ ശുചീകരണത്തിനായി ഒാരോ വർഷവും സർക്കാരും നഗരസഭയും കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. എന്നാൽ ഇതിനൊപ്പം തന്നെ പുത്തനാറിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും സ്വിവറേജ് സംവിധാനം ഉറപ്പാക്കാത്ത കാലത്തോളം മാലിന്യമത്രയും ചെന്നു ചേരുന്നത് പുത്തനാറിൽ തന്നെയാണ്. സമീപകാലത്ത് അന്താരാഷ്ട്ര വിമാനത്താവളവും അനേകം സ്ഥാപനങ്ങളും ആശുപത്രിയുമൊക്കെ ചാക്കയിൽ പ്രവർത്തനമാരംഭിച്ചതോടെ കാര്യക്ഷമമായ സ്വിവറേജ് സംവിധാനം അത്യാവശ്യമായി തീർന്നിട്ടുണ്ട്. 1983ലാണ് ചാക്കയിൽ സ്വിവറേജ് പദ്ധതിക്കായി ആദ്യം പൈപ്പ് സ്ഥാപിച്ചത്.