കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി വനിതയും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്ന ലക്ഷ്മി എൻ. മേനോൻ ദിവംഗതയായിട്ട് ഇന്ന് കാൽനൂറ്റാണ്ട്.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ 1957ൽ എന്റെ ഭർത്താവ് സി.പി. രാമകൃഷ്ണപിള്ളയുടെ സിവിൽ സർവീസ് പരിശീലനത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ അനുഗമിച്ചപ്പോഴാണ് ലക്ഷ്മി എൻ. മേനോനെ ഞാൻ ആദ്യമായി പരിചയപ്പെട്ടത്. മുറിയിലെത്തിയയുടൻ അവിചാരിതമായി എനിക്ക് ഒരു ഫോൺ കാൾ, മലയാളത്തിൽ. ''ഞാൻ ലക്ഷ്മി എൻ. മേനോൻ. നാളെ രാവിലെ എന്റെ വീട്ടിലാണ് പ്രാതൽ. രാമകൃഷ്ണപിള്ളയോടൊപ്പം വരണം." ആരാണ് ഈ ലക്ഷ്മി എൻ. മേനോൻ? ഞാൻ ഭർത്താവിനോട് ചോദിച്ചു. ''അറിയില്ലേ, കേന്ദ്ര വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ. പ്രൊഫ. നന്ദൻമേനോന്റെ ഭാര്യ." മറുപടി കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. മുൻപൊരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ചിരകാലപരിചിതരെപ്പോലെ സംസാരവും പെരുമാറ്റവും. ആദ്യ സന്ദർശനത്തിൽ തന്നെ ഞാൻ അവരുടെ ആകർഷണവലയത്തിൽപ്പെട്ടു. ദീർഘകാലം പൊതുരംഗത്ത് ഒരുമിച്ച് പ്രവർത്തിക്കാനും ആ കൂടിക്കാഴ്ച വഴിയൊരുക്കി. തിരുവനന്തപുരത്ത് 1994ൽ തൊണ്ണൂറ്റിയഞ്ചാം വയസിൽ അവർ അന്തരിക്കുംവരെ ആ സൗഹൃദം തുടർന്നു
.
പുതിയ തലമുറ മറന്നുതുടങ്ങിയ ഒരതുല്യ പ്രതിഭയാണ് ലക്ഷ്മി എൻ. മേനോൻ. ഒരുകാലത്ത് ഇന്ത്യയിലും വിദേശത്തും രാഷ്ട്രീയ - നയതന്ത്ര മേഖലകളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു അവർ. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത. കോളേജ് പ്രിൻസിപ്പൽ, നിയമജ്ഞ, നയതന്ത്രപ്രതിനിധി, രാജ്യസഭാംഗം എന്നിങ്ങനെ നിയോഗിക്കപ്പെട്ട ചുമതലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. സരോജിനി നായിഡുവിന്റെയും ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെയും മഹാറാണി സേതുപാർവതിഭായിയുടെയുമൊക്കെ പിൻഗാമിയായി 1955-ൽ ആൾ ഇന്ത്യ വിമെൻസ് കോൺഫറൻസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷയായി. സമുന്നത സ്ഥാനങ്ങളിൽ എത്തിയിട്ടും രാഷ്ട്രീയവും അധികാരങ്ങളുമുപേക്ഷിച്ച് 1967-ൽ അവർ സാമൂഹികപ്രവർത്തനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു.
നിരക്ഷരതയും ദാരിദ്ര്യവും തുടച്ചുനീക്കാൻ ഉൾനാടുകളിലും നഗരപ്രാന്തങ്ങളിലും അവർ രാപ്പകൽ പ്രവർത്തിച്ചു. ''2000ൽ ഭാരതത്തിലാകമാനം സമ്പൂർണ സ്ത്രീസാക്ഷരത" എന്ന ലക്ഷ്യത്തോടെ ദീർഘകാലപദ്ധതികൾ ആവിഷ്കരിച്ചു. സ്ത്രീശാക്തീകരണത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു ലക്ഷ്മി എൻ. മേനോൻ. 1949 - 52 ൽ ഐക്യരാഷ്ട്രസഭ സെക്രട്ടേറിയറ്റിൽ സ്ത്രീകൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ച അവർ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇന്ത്യയുടെ ഉറച്ച ശബ്ദമായി പ്രശോഭിച്ചു. പത്മഭൂഷൺ നൽകി രാഷ്ട്രം അവരെ ആദരിച്ചു.
വിദ്യാഭ്യാസ വിചക്ഷണനായ രാമവർമ്മതമ്പാന്റെയും മാധവിക്കുട്ടിഅമ്മയുടെയും മകളായി തിരുവനന്തപുരത്തെ പ്രശസ്ത തറവാട്ടിൽ 1899ലായിരുന്നു ജനനം. ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ട ലക്ഷ്മി അമ്മൂമ്മയുടെ പരിരക്ഷയിലാണ് വളർന്നത്. പ്രശസ്തമായ മഹാരാജ സ്കൂളിലും മഹാരാജ കോളേജിലും പഠിച്ച് ചരിത്രത്തിൽ ബി.എ ഓണേഴ്സും സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിൽ മാസ്റ്റർ ബിരുദവുമെടുത്തശേഷം ഉപരിപഠനത്തിന് ലണ്ടനിലെ മരിയ ഗ്രെ ട്രെയിനിംഗ് കോളേജിൽ ചേർന്നത് നിർണായക വഴിത്തിരിവായി. അവിടെ വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ലീഗ് യോഗത്തിൽ വച്ച് പരിചയപ്പെട്ട ജവഹർലാൽ നെഹ്റു ലക്ഷ്മിയിലെ ജീനിയസിനെ തിരിച്ചറിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് അവരെ അദ്ദേഹം ആനയിച്ചു.
1952ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. ഇന്ത്യ - ചൈന യുദ്ധാന്തരീക്ഷത്തിൽ ലോകരാജ്യങ്ങളെ ഇന്ത്യയുടെ നിലപാട് ബോദ്ധ്യപ്പെടുത്തുക എന്ന അത്യധികം ശ്രമകരമായ ദൗത്യം നെഹ്റു അവരെയാണ് ഏല്പിച്ചത്. അതവർ സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു.