തിരുവനന്തപുരം: ആര്യവേപ്പ്, കാഞ്ഞിരം, കുമ്പിൾ, നെല്ലി, പൂവരശ് തുടങ്ങി 11 ഔഷധത്തടികൾ ചേർത്തുണ്ടാക്കിയ ഔഷധക്കട്ടിലും കസേരയും, തേങ്ങ കൊണ്ടുണ്ടാക്കിയ ക്ലോക്കും ശില്പങ്ങളും, ഈട്ടിത്തടിയിൽ കൊത്തിയെടുത്ത ആന, പ്രായഭേദമെന്യേ എല്ലാവർക്കുമുള്ള തുണിത്തരങ്ങളുടെ വലിയ ശേഖരം, മനംമയക്കുന്ന ആഭരണങ്ങൾ തുടങ്ങി കാഴ്ചകളുടെ വിരുന്നൊരുക്കുകയാണ് തൈക്കാട് പൊലീസ് മൈതാനത്ത് നടക്കുന്ന ക്രാഫ്ട് ബസാർ 2019. കരകൗശല വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉത്പന്നങ്ങളുടെ ഈ വില്പന പ്രദർശനമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് വ്യത്യസ്തതകളുടെ ഉത്സവം തന്നെയാണ്. രാജ്യത്താകമാനമുള്ള കരകൗശല കൈത്തറി വിദഗ്ദ്ധരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ചിരട്ട മുതൽ ഈട്ടിത്തടിയിൽ വരെ വിരിയുന്ന ശില്പഭംഗി
ചിരട്ട, തടികൾ, വാഴനാര്, കളിമണ്ണ്, ഈറ്റ, മുള, പിച്ചള, ഓട് തുടങ്ങി വിവിധ മെറ്റീരിയലുകളിൽ തയ്യാറാക്കിയിരിക്കുന്ന ശില്പങ്ങളാണ് മേളയുടെ ഒരാകർഷണം. ഈട്ടിത്തടിയിൽ തീർത്ത ആനകളുമായാണ് കോതമംഗലത്തുനിന്നുള്ള സുദർശൻ മേളയിലെത്തിയിരിക്കുന്നത്. കടകളിൽ നിന്ന് ലഭിക്കുന്നതിലും വിലക്കുറവിലാണ് ഇവിടെ ശില്പങ്ങൾ വിൽക്കുന്നതെന്ന് സുദർശനൻ പറയുന്നു.
ഔഷധക്കട്ടിലും കസേരയും നിർമ്മിച്ച് നേരത്തേ തന്നെ പ്രശസ്തിയാർജിച്ച എ.കെ. മോഹനനും മേളയിലെത്തിയിട്ടുണ്ട്. 11 ഔഷധത്തടികൾ കൊണ്ട് നിർമിച്ചിരിക്കുന്ന കസേരയും കട്ടിലും നിരവധി രോഗങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണെന്ന് മോഹനൻ പറയുന്നു. കസേരയായും ചാരുകസേരയായും കട്ടിലായും ഉപയോഗിക്കാവുന്നതാണ് ഔഷധക്കസേര. 19,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 33,000 രൂപ മുതൽ കട്ടിലും ലഭിക്കും. തേങ്ങയും ചിരട്ടയും ഉപയോഗിച്ച് ഇത്രമാത്രം രൂപങ്ങളുണ്ടാക്കാമെന്ന് മനസിലാക്കിത്തരും പ്രതാപന്റെയും ആലപ്പുഴ സ്വദേശി പോളിന്റെയും സ്റ്രാളുകൾ.
പിത്തളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർപെട്ടി, മൺപാത്രങ്ങൾ, മൺ കൂജകൾ, മണ്ണുകൊണ്ടുള്ള പ്രതിമകളും കരകൗശല വസ്തുക്കളും, ആറന്മുള കണ്ണാടി, മുള, ഈറ്റ മുതലായവ ഉപയോഗിച്ചുണ്ടാക്കിയ കസേര, ഊഞ്ഞാൽ, തൊട്ടിൽ, റാന്തൽ, അലങ്കാരവസ്തുക്കൾ തുടങ്ങിയവയും പ്രദർശനത്തിനുണ്ട്.
ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വലിയ ശേഖരം
ആരെയും അമ്പരപ്പിക്കുന്നതാണ് വസ്ത്ര ശേഖരം. കൈത്തറിയുടെ വിവിധ ഉത്പന്നങ്ങൾ, ശാന്തി നികേതൻ ബാഗ്, ഘൊഷയാർ ലെയ്സ് വർക്കുകൾ, കോലാപുരി ചെരിപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി ടോപ്പ്, മധുര സാരികൾ, ഹൈദരാബാദ് സാരികൾ, ലക്നൗ ചിക്കൺവർക്ക് ചെയ്ത തുണിത്തരങ്ങൾ, സോഫ കവറുകൾ, നൈറ്റി, ബെഡ്ഷീറ്റുകൾ, ചുരിദാർ മെറ്റീരിയലുകൾ, ബാഗുകൾ തുടങ്ങി മേളയ്ക്കെത്തുന്നവരുടെ മനം നിറയ്ക്കുന്നതെല്ലാം ഇവിടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്മൽ, കൊലുസ്, മാല, മോതിരം തുടങ്ങിയവ മേളയിലുണ്ട്. ജ്യൂട്ട്, മുത്ത്, പവിഴം, മരതകം തുടങ്ങി ചിരട്ടയിലും പാളയിലും വരെയുള്ള ആഭരണങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ഒരു ഗ്രാം ആഭരണങ്ങളും മേളയിലുണ്ട്.
പ്രവേശനം സൗജന്യം
ഈ മാസം 23ന് മേയർ കെ. ശ്രീകുമാറാണ് എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഉദ്ഘാടനം ചെയ്തത്. കരകൗശല അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റുകളും നേടിയ നൂറിലധികം കലാകാരന്മാരുടെ ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഡിസംബർ 5 വരെയാണ് മേള. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യം.