തിരുവനന്തപുരം: വ്യത്യസ്തമായ ആശയങ്ങളാൽ കാൻവാസിൽ വർണവിസ്മയം തീർത്ത് മ്യൂസിയം ആഡിറ്റോറിയത്തിൽ 24 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം.
'സംസാരിക്കുന്ന നിറങ്ങൾ" എന്ന് പേര് നൽകിയ പ്രദർശനത്തിൽ ഓരോ ചിത്രങ്ങളും കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് നിറങ്ങൾ പറയുന്ന വ്യത്യസ്ത അനുഭവങ്ങളും കഥകളും. ചിത്രകലാസംഘത്തിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
പ്രകൃതിയും കലയും ജീവിതവും സ്ത്രീസൗന്ദര്യവും നിഴലിക്കുന്ന 84 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഓരോ ചിത്രകാരന്റെയും ഉള്ളിൽ വിരിയുന്ന ഭാവനകൾ 'സംസാരിക്കുന്ന നിറങ്ങൾ' ആസ്വാദകർക്ക് പറഞ്ഞ് തരുന്നു. മഴവിൽ നിറങ്ങളെ കോർത്തിണക്കിയ ചിത്രങ്ങളോരോന്നും കാഴ്ചക്കാരുടെ മനം കവരുന്നതാണ്. വലിയ കാൻവാസിൽ നിറഞ്ഞുനിൽക്കുന്ന വാരണാസിയാണ് പ്രദർശനത്തിന്റെ മുഖ്യആകർഷണം. മ്യൂറൽ പെയിന്റിംഗുകളും കഥകളിയും നൃത്തരൂപങ്ങളും കാടിന്റെ മനോഹാരിതയും വന്യതയും വെളിവാക്കുന്ന ചിത്രങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്. പെൻസിലും ജലച്ചായവും ഓയിലും ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ ദൃശ്യഭാഷയുടെ വിവിധതലങ്ങളിലെ നേർക്കാഴ്ചകളാണെന്ന് ആസ്വാദകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അദ്ധ്യാപകരും സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും വീട്ടമ്മമാരുമടങ്ങുന്ന സംഘടനയാണ് ചിത്രകലാസംഘം. പ്രദർശനത്തിന് അവസരം ലഭിക്കാത്ത കലാകാരന്മാർക്ക് ഓരോ വർഷവും സൗജന്യമായി പ്രദർശനം നടത്താനുള്ള അവസരവും സംഘടന ഒരുക്കിയിട്ടുണ്ട്.
നിരവധി ആളുകളാണ് ചിത്രപ്രദർശനം കാണാനെത്തുന്നത്. ഈ മാസം 26ന് ആരംഭിച്ച പ്രദർശനം ഡിസംബർ 5ന് അവസാനിക്കും.
രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് സമയം. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ചിത്രകലാസംഘം പ്രദർശനം നടത്തിയിട്ടുണ്ട്.