കാഞ്ഞങ്ങാട്: ശബ്ദം അനുകരിച്ച കഥാപാത്രങ്ങളെയൊന്നും അഭിഷേക് ഇതുവരെ കണ്ടിട്ടില്ല. കഥാപാത്രങ്ങളെയന്നല്ല, ഒന്നിനെയും കാണാൻ കഴിയില്ല. ചുറ്റും ഇരുൾ നിറയുമ്പോഴും അഭിഷേക് കാണികളെ കുടുകുടെ ചിരിപ്പിച്ചു. കണ്ണിലകളിൽ മൂടിയ ഇരുട്ടിനെ എ ഗ്രേഡുകൊണ്ട് അഭിജിത് തോൽപ്പിച്ചു.
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മിമിക്രി വേദിയിൽ താരമായി കാസർകോട് ജി.എച്ച്.എസ്.എസിലെ അഭിഷേക്. ജന്മനാ കാഴ്ച്ചയില്ല. നിരന്തരമുള്ള പരിശീലനവും പ്രകൃതിയിലെ ശബ്ദങ്ങളുടെ നിരീക്ഷണവുമാണ് എ ഗ്രേഡിലെത്തിച്ചത്. കണ്ണൂരുള്ള ടി.വി. നാരായണനാണ് ഗുരു. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന കലോത്സവത്തിൽ അഭിഷേകിന് ബി ഗ്രേഡായിരുന്നു. അന്ന് യാദൃശ്ചികമായി മിമിക്രി കാണാനിടയായ നാരായണൻ അഭിഷേകിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. യൂട്യൂബിൽ നിന്ന് പല ശബ്ദങ്ങളും ഡൗൺലോഡ് ചെയ്ത് വാട്സാപ്പിൽ വോയിസ് മെസേജ് അയച്ചാണ് നാരായണൻ അഭിഷേകിനെ പഠിപ്പിക്കുന്ന്.
ചില ജീവജാലങ്ങളുടെ ശബ്ദങ്ങൾ നേരിട്ട് കേൾപ്പിച്ച് കൊടുക്കും. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവ വികാസങ്ങളാണ് അഭിഷേക് അവതരിപ്പിച്ചത്. പ്രകൃതിയിൽ നിന്ന് മനുഷ്യൻ അകലുന്നതും ടെലിവിഷനിലും ഓൺലൈൻ ഗെയിമിനും മുന്നിൽ അവൻ അടിമപ്പെട്ട് പോകുന്നതുമെല്ലാം അഭിഷേകിന്റെ മിമിക്രിയിൽ ഇടം നേടി.
മറ്റു വിദ്യാർത്ഥികൾ സിനിമക്കാരേയും രാഷ്ട്രീയക്കാരേയും അനുകരിക്കാൻ ശ്രമിച്ചപ്പോൾ അഭിഷേക് പ്രകൃതിയിൽ ആണ് ഫോക്കസ് ചെയ്തത്. കാഴ്ച്ചയില്ലാത്തതിനാൽ അവരുടെ ശരീരഭാഷ അവതരിപ്പിക്കാൻ കഴിയില്ല എന്നതാണ് അഭിഷേകിനെ അത്തരം ശ്രമങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചത്. വി.എസ്. അച്യുതാനന്ദന്റെ ശബ്ദം കൃത്യമായി അവതരിപ്പിക്കുന്ന അഭിഷേകിന് വി.എസിനെ കാണാനും മിമിക്രി അവതരിപ്പിക്കാനും അടങ്ങാത്ത ആഗ്രഹമുണ്ട്.