കാഞ്ഞങ്ങാട്: സഖാവെ... മകൻ അയ്യപ്പനായല്ലോ. ഭരതനാട്യത്തിലെ അയ്യപ്പനല്ലേ.സാരമില്ല. ചിരയടക്കാതെ സഖാവിന്റെ വാക്കുകൾ. ആരായിരിക്കും ഈ സഖാവ്?. മുൻഷി എന്ന ജനപ്രീയ പരിപാടിയിൽ 16 വർഷമായി സഖാവായി എത്തുന്ന മധു മുൻഷി. വേദിക്ക് പിന്നിൽ മാറി നിൽക്കുന്ന മുൻഷിയെ കണ്ടപ്പോഴാണ് കാര്യം തിരക്കിയത്. വേദിയിൽ അയ്യപ്പനാടിയ മകൻ അപ്പോഴേക്കും അച്ഛന്റെ അടുത്ത് തിരിച്ചെത്തി. ഇതോടെ സഖാവ് അയപ്പചരിതം വിവരിച്ചു.
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലാണ് നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ ഈശ്വർ അയ്യപ്പചരിതമാടി എ ഗ്രേഡ് നേടിയത്. മഹിഷാസുരവധവും, ഭസ്മാസുര വധവുമായിരുന്നു പ്രമേയങ്ങൾ. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുടിയിലും എ ഗ്രേഡ് ലഭിച്ചിരുന്നു. ഇനി നാടോടി നൃത്തത്തിലും മത്സരിക്കാനുണ്ട്. കരകുളം ബിജുവാണ് ഗുരു. പരിശീലനത്തിൽ നൃത്താദ്ധ്യാപകൻ കൂടിയായ മധുവും സഹായിയായുണ്ട്.
ചെറുപ്പത്തിലെ നൃത്തം പഠിച്ചെങ്കിലും ജില്ലാ കലോത്സവം വരെ മാത്രമേ എത്താനായുള്ള എന്ന സങ്കടം മകനിലൂടെ മറക്കുകയാണ് മധു. കഴിഞ്ഞ വർഷവും കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും ഈശ്വർ എ ഗ്രേഡ് നേടിയിരുന്നു. അഞ്ചു ദിവസത്തേക്ക് മുൻഷിയിലെ സഖാവിന് അവധി നൽകിയാണ് മധു കലാത്സവ നഗരയിലെത്തിയത്. ഭരതാനാട്യത്തിൽ മത്സരിച്ച 19 പേർക്കും എ ഗ്രേഡ് ലഭിച്ചുവെന്നതും ശ്രദ്ധേയമായി.,