കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴക്കാരെ പൊക്കാൻ വിജിലൻസ് ഇറങ്ങി. പണം വാങ്ങി ഫല നിർണയം അട്ടിമറിക്കുന്നെന്ന ആരോപണം നേരിടുന്ന വിധികർത്താവിനെ മാറ്റി. ഒപ്പന വേദിയിൽ വിധികർത്താവായി നിയോഗിക്കപ്പെട്ട തൃശൂർ സ്വദേശിയായ 'ജഡ്ജി' യെയാണ് പാനലിൽ നിന്ന് മാറ്റിയത്. രക്ഷിതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന് റിപ്പോർട്ട് നൽകുകയായിരുന്നു.
ഒരു ഏജന്റും സംഘവും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. കലോത്സവ നഗരിയിൽ എത്തിയാൽ ഉടൻ പിടികൂടാൻ കാത്തിരിക്കുകയാണ് വിജിലൻസ് സംഘം. എല്ലാ സംസ്ഥാന കലോത്സവങ്ങളിലും എത്തി നേരത്തെയുള്ള കരാർ പ്രകാരം വിധികർത്താക്കളുമായി ബന്ധപ്പെട്ട് കച്ചവടം ഉറപ്പിക്കുന്ന രണ്ട് ഏജന്റുമാരും സംഘവുമാണ് കാഞ്ഞങ്ങാട്ടും എത്തുമെന്ന് വിവരം കിട്ടിയത്. എന്നാൽ അഴിമതിക്കാരായ പഴയ താപ്പാനകളെ ഒഴിവാക്കി പുതുമുഖങ്ങളെ വിധികർത്താക്കളായി ചുമതലപ്പെടുത്തിയത് മൂലം വലിയ തിരിമറികൾ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് വിജിലൻസ്. കലോത്സവത്തിൽ പ്രതിഭകളെ എത്തിക്കുന്ന നൃത്താദ്ധ്യാപകരുടെ ഒന്നിലധികം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ആർക്കെങ്കിലും വിധികർത്താക്കളുമാ യി ലിങ്കുണ്ടാകും. അത് വെച്ചാണ് വിലപേശൽ നടത്തുന്നത്. കോഴിക്കോട് വിജിലൻസ് എസ്.പിമാരായ ശശിധരൻ, സജീവൻ, കാസർകോട് ഡിവൈ.എസ്.പി ദാമോദരൻ, കോഴിക്കോട് ഡിവൈൈ.എസ്.പി ഷാജി, കണ്ണൂർ ഡിവൈ.എസ്.പി മധുസൂദനൻ എന്നിവരുടെ നേതൃത്വവത്തിൽ മൂന്ന് സി.ഐമാരും അടക്കം 60 അംഗ വിജിലൻസ് സംഘം കലോത്സവ നഗരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.