കാഞ്ഞങ്ങാട്: ഇടം നെഞ്ചിൽ കമ്മ്യൂണിസവും യക്ഷഗാനവും പ്രതിഷ്ഠിച്ച ശങ്കർറൈ മാഷിന് ജഡ്ജിന്റെ സ്ഥാനത്തിരിക്കുമ്പോൾ രണ്ടാമതൊന്ന് ശങ്കിക്കേണ്ടി വന്നില്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിന് യക്ഷഗാന മത്സരത്തിൽ പങ്കെടുത്തവർ എല്ലാവരും ഒന്നാമത് തന്നെയാണ്. കന്നട ഭാഷ പഠിച്ച് മത്സരിച്ചവരെയെല്ലാം അംഗീകരിച്ച് 12 ടീമുകൾക്കും അദ്ദേഹം ' എ"ഗ്രേഡ് വിധിച്ചു.
കാർഷിക കോളേജിലെ വേദിയിൽ ഇന്നലെ രാവിലെ 11 മണിയോടെ തുടങ്ങിയ മത്സരത്തിലെ മൂന്ന്ജഡ്ജസ് മാരെ പരിചയപ്പെടുത്തുമ്പോഴാണ് പല ജില്ലക്കാരും അതിലൊരാളെ ശ്രദ്ധിച്ചത്. എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് പലരും അടക്കം പറഞ്ഞപ്പോൾ ചിലർ മറുപടി പറഞ്ഞു, ആളെ അറിയില്ലേ, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായിരുന്നു. 30 വർഷത്തെ അനുഭവ ജ്ഞാനവുമായാണ് ശങ്കർറൈ വിധികർത്താവായി യക്ഷഗാനത്തിന് എത്തിയത്. എന്റെ നാടിന്റെ കലയെ നെഞ്ചേറ്റിയ കേരള മക്കൾക്ക് കാസർകോടിന്റെ അഭിനന്ദനം എന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം കന്നടയിലാണ് വിധി പ്രഖ്യാപിച്ചത്. രണ്ട് ജില്ലകൾക്ക് മാത്രമാണ് ഇത്തവണ യക്ഷഗാനത്തിൽ പങ്കാളിത്തമില്ലാതെ പോയത്. രാത്രി മുതൽ നേരം പുലരും വരെ നടത്തുന്ന യക്ഷഗാനം ആറ്റിക്കുറുക്കിയാണ് അര മണിക്കൂറിൽ നടത്തുന്നത്. കുട്ടിക്കാലം മുതലേ ഈ കലയുടെ ഭാഗമായവരാണ് അഗൽപാടിയിലെ വിദ്യാർത്ഥികൾ. മൂകാസുര വധമായിരുന്നു ഇത്തവണത്തെ പ്രമേയം.