shane-nigam

ഇടുക്കി: നടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്കിൽ പ്രതികരണവുമായി കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ രംഗത്തെത്തി. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ മാങ്കുളത്തെ റിസോർട്ടിൽ നിന്നും ഷെയിനെ പുറത്താക്കിയിരുന്നതായും നാട്ടുകാർ പറ‌ഞ്ഞു. കുർബാനിയുടെ ചിത്രീകരണത്തിനായി ഒരു മാസമാണ് ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍,​ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. പലപ്പോഴും അബ്നോർമലായി സംസാരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെ റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കുകയായിരുന്നു. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു കൂടുതൽ പ്രശ്നമുണ്ടാക്കിയതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു. ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു.

അതേസമയം, നടന് നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്. നിറുത്തിവച്ച സിനിമകളുടെ ചിത്രീകരണം എങ്ങനെയും പൂർത്തീകരിക്കാൻ ഷെയ്നിന്റെ സഹകരണം ഉറപ്പാക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഷെയ്ൻ നിഗമിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും ഷെയ്നിന്റെ അമ്മ സുനില ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ഷെയ്നും ചലച്ചിത്ര നിർമാതാക്കളും തമ്മിലുള്ള ഭിന്നതയുടെ മഞ്ഞുരുക്കാൻ ‘അമ്മ’ ഇടപെടുമെന്നും ഇടവേളബാബു വ്യക്തമാക്കി.