മലയാള സിനിമമേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ വെളിപ്പെടുത്തൽ. ഇത്തരക്കാർക്ക് വളം വച്ചുകൊടുക്കുന്നത് സിനിമ പാരമ്പര്യമില്ലാത്ത പുതിയ നിർമ്മാതാക്കളാണെന്നും സജി നന്ത്യാട്ട് പറയുന്നു. പഴയ തലമുറയിലെ നിർമാതാക്കൾക്കോ ബാനറിനോ പുതിയ തലമുറയിലെ നടന്മാർ ഡേറ്റ് തരുന്നില്ല. നമ്മൾ കഞ്ചാവിന്റെയോ മയക്കുമരുന്നിന്റെയോ ഏജന്റ് ആകുകയോ ഇവരോടൊപ്പം ഇതൊക്കെ ഉപയോഗിക്കുകയോ ചെയ്താൽ മാത്രമേ ഡേറ്റ് തരൂ- സജി നന്ത്യാട്ട് വ്യക്തമാക്കി.
പൊതുജനം സിനിമയെ വെറുക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് ഒന്നും പറയാത്തത്. പൊതുവേ നമ്മുടെ സിനിമാ സെറ്റുകളിൽ,കാരവൻ, ഹോട്ടലുകൾ ഇവടെയൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് പെരുമാറുന്നവരെയും മദ്യപിച്ച് കഴിഞ്ഞ് പെരുമാറുന്നവരെയും കണ്ടാൽ മനസിലാകും. ഞങ്ങളുടെ കുടുംബത്തിൽ നടന്നൊരു പ്രശ്നം എന്തുകൊണ്ട് നേരത്തെ പൊതുജനങ്ങളോട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരുണ്ട്- സജി നന്ത്യാട്ട് പറയുന്നു.
സിനിമാ എന്ന മാദ്ധ്യമത്തെ ജനങ്ങൾ വെറുത്തുകഴിഞ്ഞാൽ തിയേറ്ററിൽ ആളുകുറയും. അത് മൂലം നഷ്ടം വരുന്നത് നിർമാതാക്കൾക്കാണ്. സാമ്പത്തികമാണല്ലോ പ്രശ്‌നം. എത്ര കുടുംബങ്ങൾ വഴിയാധാരമാകും. പക്ഷേ സഹിച്ച് സഹിച്ച് മടുത്തു. ഷൂട്ടിങ്ങുകൾ മുടങ്ങുന്നു. പലപ്പോഴും സഹകരണമില്ല. ഒരു ഉദാഹരണം പറയാം. യുവനടന്മാർ ഷൂട്ടിംഗിന് വരാതിരുന്ന സാഹചര്യത്തിൽ ഒരു സ്ത്രീ നിർമാതാവ് കാരവാനിൽ കയറി പരിശോധിച്ചു. അതിൽ ഉണ്ടായിരുന്ന നടന്മാർ ഈ യുവതിയെ അക്രമിക്കാൻ വരെ ശ്രമിച്ചു. ഇങ്ങനെ പല സംഭവങ്ങൾ. ഇതൊക്കെ ഇതിനകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അത് ആളിക്കത്തിയതാണ് ഇന്നലെ കണ്ടത്- സജി നന്ത്യാട്ട് പറഞ്ഞു.