bindu-ammini-ak-balan

കോട്ടയം: ദിവസങ്ങൾക്ക് മുമ്പാണ് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയിൽ പോകാനായി പുറപ്പെട്ട ബിന്ദു അമ്മിണിയുടെ മുഖത്ത് ഒരാൾ മുളക് സ്‌പ്രേ പ്രയോഗം നടത്തിയത്. ഈ സംഭവം നടക്കുന്നതിന്റെ തലേദിവസം മന്ത്രി എ.കെ ബാലനെക്കാണാൻ ബിന്ദു അമ്മിണി സെക്രട്ടറിയേറ്റിലെത്തിയത് വിവാദമായിരുന്നു.

ശബരിമല ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് ബിന്ദു അമ്മിണി മന്ത്രിയെ കാണാൻ പോയത് എന്ന് ആരോപണമുയർന്നിരുന്നു. ഇപ്പോഴിതാ താൻ എന്തിനാണ് കാണാൻ ചെന്നതെന്ന് മന്ത്രി ബാലൻ വെളിപ്പെടുത്തണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് ബിന്ദു. 'ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനുള്ള നിവേദനം നൽകാനാണ് മന്ത്രി എ.കെ ബാലന്റെ ഓഫീസിൽ പോയത്. ഇക്കാര്യത്തിൽ സത്യം വെളിപ്പെടുത്താൻ മന്ത്രി തയ്യാറാകണം. ശബരിമല ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പോയതെന്നാണ് വാർത്തകൾ വരുന്നത്. ഇതിനെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ മാറ്റണം. ഇതിൽ മന്ത്രി കള്ളക്കളി നടത്തരുത്'-ബിന്ദു അമ്മിണി പറഞ്ഞു.

ഏറ്റുമാനൂർ മോഡൽ സ്കൂളിലെ അദ്ധ്യാപകനുമായി ബന്ധപ്പെട്ടുയർന്ന പീഡനവാർത്തയിൽ പ്രതിഷേധം രേഖപ്പെടുത്താനും തുടർനടപടികൾ ചർച്ച ചെയ്യാൻ കോട്ടയത്തെത്തിയപ്പോഴാണ് ബിന്ദു അമ്മിണി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ജനുവരി രണ്ടിന് ശബരിമലയിലെത്തുമെന്ന് അവർ ആവർത്തിച്ചു.