aashiq-abu

തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി. സിനിമയിൽ നിന്ന് വിലക്കുക എന്നു പറയുന്നത് ഒരു കാലത്തും ആർക്കും അംഗീകരിക്കാനാകാത്ത ഒന്നാണെന്നും കരാർ ലംഘനം ഉണ്ടായാൽ അതിനെ നേരിടാൻ ഇവിടെ കോടതിയും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഭാഗത്തു നിന്നുമുണ്ടായ പ്രവൃത്തികൾ അപക്വമാണെന്നും സിനിമ പോലൊരു പ്രൊഫഷനൽ മേഖലയിൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകാത്തതാണെന്നും ആഷിഖ് അബു വ്യക്തമാക്കി.

"അധികാരസ്ഥാനത്തിരിക്കുന്ന സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക് ഷെയ്നെപ്പോലൊരു 23കാരൻ വില കൽപിക്കാത്തത് ചിലപ്പോൾ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഇൗ പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണവും. പക്ഷേ പ്രശ്നം ഗുരുതരമായാൽ രണ്ടു കൂട്ടർക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക" എന്നും ആഷിഖ് ചോദിച്ചു. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

’വളരെ വൈകാരികമായാണ് നിർമാതാക്കളുടെ സംഘടന ഇൗ സംഭവത്തെ കൈകാര്യം ചെയ്തത്. അവരുടെ പത്രസമ്മേളനവും അപക്വമായിപ്പോയി എന്നാണ് തോന്നുന്നത്. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളല്ലേ ഉണ്ടായിട്ടുള്ളു. എല്ലാവരും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. ഷെയ്നിന്റെ ഭാഗത്തു നിന്ന് വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഷെയ്ൻ തിരുത്തണമെന്നും ആഷിഖ് അബു പ്രതികരിച്ചു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാണ് സംഘടനകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഉൗതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ല’ ആഷിഖ് പറഞ്ഞു.

സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കാരവനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നതു കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. അവര്‍ക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ കാണും. മറ്റു സെറ്റുകളിലെ കാരവനുകളില്‍ നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. ആക്ഷേപം ഉന്നയിച്ച നിര്‍മാതാക്കള്‍ ഇങ്ങനെ കാരവനുകളില്‍ കയറുകയും കാര്യങ്ങള്‍ നേരിട്ട് കാണുകയും ചെയ്തതു കൊണ്ടാവാം അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞത്. അവര്‍ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെ. സംഘടന അങ്ങനെ ആവശ്യപ്പെടട്ടെ. ഇവിടുത്തെ നിര്‍മാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതുകൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.’ ആഷിഖ് അബു വ്യക്തമാക്കി.