kaumudy-news-headlines

1. യൂണിവേഴ്സിറ്റി കോളേജിലും ഹോസ്റ്റലിലും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളിലും കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കാന്‍ എത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം ഉള്ളവര്‍ക്ക് എതിരെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം കൊടുത്ത 60 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഇതില്‍ 15 പേര്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത് വധശ്രകേസ് . നടപടി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ പരാതിയില്‍. കോളേജില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


2. കെ.എസ്.യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിച്ച യൂണിവേഴ്സിറ്റി എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി മഹേഷിനെയും ഇത് വരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണം എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളും ആയി ക്യാമ്പസുകള്‍ മാറി. ക്രൂരവും പ്രാകൃതവും ആയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത് എന്നും മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.
3. അഞ്ചലിലെ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് ഡ്രൈവര്‍മാര്‍ക്ക് എതിരെ കേസ് എടുത്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. അപകടകരമായ വാഹനം ഓടിച്ച ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യും. കൂടാതെ വാഹനത്തിന്റെ ഫിറ്റ്നസ്, പെര്‍മിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. അഭ്യാസ പ്രകടനം കാണിച്ച ബസുകളും പിടിയില്‍. രണ്ട് ബസുകളാണ് പുനലൂര്‍ മോട്ടര്‍വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
4. അതേസമയം, മോട്ടോര്‍ വാഹന പരിശോധന അട്ടിമറിക്കാന്‍ ഉടമകളുടെ നീക്കം. അഞ്ചലില്‍ കസ്റ്റഡിയില്‍ എടുത്ത ടൂറിസ്റ്റ് ബസുകളില്‍ ആണ് അട്ടിമറി നീക്കം. നിയമം ലംഘിച്ച് സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ അഴിച്ച് മാറ്റിയാണ് പരിശോധനയ്ക്ക് എത്തിച്ചത്. നിയമം ലംഘിച്ച് ബസുകളിലെ വയറിംങില്‍ മാറ്റം വരുത്തി. ബസില്‍ ഉണ്ടായിരുന്നത് ഉപയോഗ ശൂന്യമായ ടയറുകള്‍ എന്ന് പരിശോധനയില്‍ കണ്ടെത്തി. ബസുകളില്‍ ഷോട്ട് സര്‍ക്യൂട്ടിന് സാധ്യത ഉണ്ടെന്ന് മോട്ടര്‍ വാഹന വകുപ്പ്. അതിനിടെ, കൊല്ലം വെണ്ടാര്‍ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ അഭ്യാസ പ്രകടനത്തിലും നടപടി. ഏഴ് പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ഏഴ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തു.
5. സിനിമാ മേഖലയില്‍ നടന്‍ ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനിനെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ല എന്ന് അസോസിയേഷന്‍. ഷെയിന്‍ കാരണം ഉണ്ടായ നഷ്ടം നികത്താതെ നിര്‍മ്മാതാക്കള്‍ സഹകരിക്കില്ല എന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത് വ്യക്തമാക്കി. ഷൂട്ടിംഗിന് നടന്റെ ഭാഗത്ത് നിന്ന് ആവര്‍ത്തിച്ചുള്ള നിസ്സഹകരണം കാരണം രണ്ട് ദിവസം മുന്‍പ് ആയിരുന്നു ഷെയിനിനെ വിലക്കി കൊണ്ടുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
6. സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി താര സംഘടനയായ അമ്മ ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഷെയിനിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ല എന്നും വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ഷെയ്നിന് വിലക്ക് എന്ന തീരുമാനം നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകു എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഷെയ്നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്കായി വേദി ഒരുക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
7. ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനം ആക്കും എങ്കിലും പിഴ ഒഴിവാക്കിയേക്കും. കുട്ടികള്‍ക്ക് ഉള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധം ആക്കി ഹൈക്കോടതി ഉത്തരവ് ഇറക്കിയപ്പോള്‍ രണ്ടാഴ്ചത്തെ സമയമാണ് ഉത്തരവ് നടപ്പാക്കാന്‍ അനുവദിച്ചത്. നാളെ മുതല്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവും ആയി മുന്നോട്ട് പോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
8. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ കോഴിക്കോടും, കണ്ണൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ദിനം മുതല്‍ ആധിപത്യം തുടങ്ങിയ കോഴിക്കോട് 610 പോയിന്റോടെ മുന്നേറുക ആണ്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെ ഉണ്ട്. കണ്ണൂര്‍ 602 പോയിന്റോടെ രണ്ടാംസ്ഥാനത്തും പാലക്കാട് 599 പോയിന്റോടെ മൂന്നാം സ്ഥാനത്തും പോരാട്ടം തുടരുന്നു. മൂന്നാം ദിനമായ ഇന്ന് മാര്‍ഗം കളി, നാടകം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങളാണ് വേദിയില്‍ എത്തുന്നത്. വാരാന്ത്യം ആയതിനാല്‍ തന്നെ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളിലേക്ക് പ്രതീക്ഷിക്കുന്നത്.
9. എന്നാല്‍, ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഉള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഇപ്പോഴും ഫലം കണ്ടിട്ടില്ല. അതേസമയം, കലോത്സവ വേദികളില്‍ പണപ്പിരിവ് നടത്തുന്നു എന്ന് ആക്ഷേപം. വീഡിയോ ഷൂട്ട് ചെയ്ത് തരാം, പടം പിടിച്ച് തരാം എന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്നു എന്നാണ് പരാതി. പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് എത്തിയ സംഘമാണ് ഇതിന് പിന്നില്‍. ആരോപണ വിധേയരേയും പരാതിക്കാരെയും പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തു.