തൃശൂർ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊലീസ് സംഘടിപ്പിച്ച 'കുഞ്ഞേ നിനക്കായി' എന്ന ബോധവൽക്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം ഡി.ജി.പി ലോക്നാഥ് ബെഹ്‌റെ ഉൾപ്പെടെയുള്ള പൊലീസുകാരുടെ കണ്ണുനിറച്ചു. ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സ്കൂൾ ഒഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലാപ്രകടനം കാഴ്ചവെച്ചത്.
ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള കാണികൾക്ക് നൃത്തശില്പം നന്നായി ബോധിച്ചു. അഭിനന്ദനം വാക്കുകളിലൊതുക്കാൻ ഡി.ജി.പി തയ്യാറായില്ല. ഉടൻതന്നെ കീശയിൽ നിന്ന് പേഴ്സെടുത്തു,അതിൽ നിന്ന് ഉണ്ടായിരുന്ന നോട്ടുകളെല്ലാം എണ്ണിയെടുത്തു. കൂടാതെ കൂടെയുണ്ടായിരുന്നു ഐ.ജി എസ്. ശ്രിജിത്തിനോടും, ഡി.ഐ.ജി എസ്. സുരേന്ദ്രനോടും കയ്യിലുള്ളത് ഷെയർ ചെയ്യാമോയെന്നും ചോദിച്ചു. സന്തോഷത്തോടെ കയ്യിലുള്ളത് അവരും മറ്റുള്ള കാണികളും നൽകി. എല്ലാവരും കൂടി ഒത്തുപിടിച്ചപ്പോൾ 20,000 രൂപ പിരിഞ്ഞുകിട്ടി. 10,000 രൂപവച്ച് ഇരു സംഘങ്ങൾക്കും നൽകി.