
ദുബായ്: ബിസ് ഈവന്റ്‌സുമായി സഹകരിച്ചുകൊണ്ട് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഘടിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ കലോത്സവമായ ഇൻഡിവുഡ് ടാലെന്റ് ഹണ്ട് 2019' ന്റെ സെമി ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കുവേണ്ടി മ്യൂസിക്, ഡാൻസ്, ഫോട്ടോഗ്രഫി, ഫൈൻ ആർട്സ്, ഫിലിം മേക്കിങ്, ഡിസൈനിങ്, ക്വിസ്, ടെക്നിക്കൽ, ഡ്രാമെറ്റിക്സ് , ക്രിയേറ്റിവ് മീഡിയ എന്നീ വിഭാഗങ്ങളിലേക്കു നടന്ന സെമി ഫൈനൽ മത്സരങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചത്.
യു.എ.ഇയിലെ നാനൂറിൽപ്പരം മ്യുസിക് & ആർട്ട്സ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരച്ച പ്രാഥമിക റൗണ്ടുകളിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികളായിരുന്നു സെമി ഫൈനൽ റൗണ്ടുകളിൽ പങ്കെടുത്തത്. പത്തുലക്ഷത്തോളം ആളുകൾ ഭാഗമായ യു.എ.ഇയിലെ കലോത്സവങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വിധി പ്രഖ്യാപനമാണ് ഇൻഡീവുഡ് ടാലന്റ് ഹണ്ടിന്റേത്. പൊതുജന പങ്കാളിത്തത്തോടുകൂടി നടന്ന ഓൺലൈൻ വോട്ടിംഗ്, മത്സരാർത്ഥികളുടെ വീഡിയോകൾക്ക് യൂട്യൂബിലൂടെ ലഭിച്ച സ്വീകാര്യത, വിദഗ്ദ്ധരായ ജൂറിമാർ നൽകിയ സ്‌കോർ മുതലായവ വിലയിരുത്തിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വിജയികളുടെ പേരു വിവരങ്ങൾ
www.indywoodtalenthunt.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സെമി ഫൈനലിൽ യോഗ്യത നേടിയ മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ ഡിസംബർ 2, 3 തീയതികളിൽ ദുബായ് അമിറ്റി സ്കൂളിൽ നടക്കും. ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ കരസ്ഥമാക്കിയ മത്സരാർഥികളിൽ നിന്നാണ് കലാപ്രതിഭ, കലാതിലകം എന്നിവരെ തിരഞ്ഞെടുക്കുക. പ്രതിഭ തെളിയിച്ച മത്സരാർത്ഥികൾക്ക്, സിനിമ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വേദികളിൽ തുടർന്നും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഇൻഡിവുഡ് ടാലന്റ് ഹണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇൻഡിവുഡ് കൺസോർഷ്യത്തിൽ അംഗങ്ങളായ യു.എ.ഇയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടിയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചിട്ടുള്ളത്. ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ (ഐബിസി ) പ്രമുഖ അംഗങ്ങളുടെയെല്ലാം മഹനീയ സാന്നിധ്യം സമാപനച്ചടങ്ങുകളിൽ ഉണ്ടാവുമെന്ന് ഐബിസിയുടെ സ്ഥാപക ചെയർമാൻ സോഹൻ റോയ് അറിയിച്ചു. ഡിസംബർ 3 ന്, ഗിന്നസ് ബുക്ക് പുരസ്‌കാര ജേതാവും പ്രശസ്ത കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസ്സി, ചലച്ചിത്ര പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സൂരജ് സന്തോഷ് എന്നിവരുടെ സംഗീത വിരുന്നോടുകൂടി ഈ വർഷത്തെ മത്സരങ്ങൾക്ക് തിരലശീല വീഴും.