dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി നിയോഗിച്ച സി.ബി.ഐ കോടതിയിൽ പുനരാരംഭിച്ചു. കേസിലെ പത്ത് പ്രതികളിൽ എട്ടുപേർ ഇന്ന് കോടതിയിൽ ഹാജരായി. കോടതിയിൽ ഹാജരാകാതിരുന്ന ഒമ്പതാം പ്രതി സനൽകുമാറിന്റെ ജാമ്യം റദ്ദാക്കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കേസിലെ എട്ടാം പ്രതിയായ ദിലീപ് വിദേശത്തായതിനാൽ ഇന്ന് ഹാജരായില്ല. സിനിമയുടെ പ്രചരണത്തിനായി കോടതിയുടെ അനുവാദം വാങ്ങി ദിലീപ് വിദേശത്ത് പോയിരുന്നു. എന്നാൽ ചൊവ്വാഴ്ച ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളോടും ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം,​ജയിൽ മാറണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മണികണ്ഠൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ആറ് മാസത്തിനുള്ളിൽ കേസ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള അപേക്ഷ ദിലീപ് വിചാരണ കോടതിയിൽ സമർപ്പിച്ചേക്കും.