കൊച്ചി: യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ബാബുരാജ് രംഗത്തെത്തി. വളർന്നു വരുന്ന പുതുതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് ഇന്നത്തെ യുവതലമുറക്കാരെന്നും അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റി ആണെന്നു വച്ച് എന്തും കാണിക്കാമെന്നാവരുതെന്നും ബാബുരാജ് വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലുമായി ഷെയിന്റെ വിഷയം സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സ്ത്രീകളടക്കമുള്ള സിനിമാ താരങ്ങൾക്കിടയിലുണ്ട് എന്നായിരുന്നു ബാബുരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
"എനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ട്. ഞാൻ ആ വികാരം ഉൾക്കൊണ്ടാണ് പറഞ്ഞത്. തീർച്ചയായും ഞങ്ങളിലൊരംഗത്തെ സംരക്ഷിക്കേണ്ട ചുമതല സംഘടനയ്ക്കുണ്ട്. അമ്മ സംഘടനയിൽ ആ കുട്ടി മെമ്പറാണെങ്കിൽ തീർച്ചയായും അവനെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഞങ്ങൾക്കുണ്ട്. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇതൊരു പാഠമാകട്ടയെന്ന് കരുതിയാണ് ഞാൻ പറഞ്ഞത്. ലാലേട്ടൻ തന്നെ ചോദിച്ചു നമുക്കു ശേഷം ഇത് കൊണ്ടു നടക്കേണ്ട ആൾക്കാരല്ലേ ഇവര്. അവര് എന്തുകൊണ്ട് വരുന്നില്ല. അവരുകൂടെ ഇതിനകത്ത് വരണം. ലാലേട്ടൻ വിലക്കുക എന്നതിനോട് യോജിച്ചിട്ടില്ല. വിലക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്-ഒരു പ്രമുഖ മാദ്ധ്യമത്തോടോണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രൊഡ്യൂസേർസ് അസോസിയേഷൻ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടു. അതുകൊണ്ടാണ്ടാണ് സപ്പോർട് ചെയ്തത്. പക്ഷെ നമ്മിളിലെ അംഗത്തെ സംരക്ഷിക്കേണ്ട ബാദ്ധ്യതയും ഞങ്ങൾക്കുണ്ട്. ഒരു പ്രാവശ്യം ചർച്ച കഴിഞ്ഞ പരിഹരിച്ച സംഭവമാണിത്. സെക്രട്ടറി ഇടവേള ബാബു ഇടപെട്ട് പരിഹരിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.