കൊച്ചിയിലെ റോഡുകളിലിപ്പോൾ താരം ഹോണ്ട ഗോൾഡ്‍വിംഗ് ട്രൈക്കറാണ്. വ്യവസായിയായ ബാബു ജോൺ ആണ് മൂന്ന് ചക്രമുള്ള ഹോണ്ട ഗോൾഡ്‌വിംഗ് കേരളത്തിലെത്തിച്ചത്. മ്യൂസിക് സിസ്റ്റവും റേഡിയോയുമുൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളോടുകൂടിയ വണ്ടി കൊച്ചിക്കാർക്ക് കൗതുകമാവുകയാണ്.
കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച കേസിനെ തുടർന്നുണ്ടായ പതിനാല് മാസത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കൊച്ചി തുറമുഖത്ത് നിന്ന് വാഹനം റോഡിലെത്തിയത്. തനിക്കുണ്ടായ ആ മോശം അനുഭവം കൗമുദി ടിവിയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ജോൺ.
'നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് അവിടത്തെ സംഭവങ്ങൾ. നമ്മൾ പറയാറില്ലേ ഒരു പോസ്റ്റിലിരിക്കുന്നയാൾക്ക് അതിന്റെ നിയമങ്ങൾ അറിയണമെന്ന്. അവിടെ അങ്ങനെയല്ല. കുട്ടിച്ചാത്തനെ പിടിച്ച് കമ്മിഷണറാക്കി വച്ചേക്കുന്ന രീതിയാണ്. കസ്റ്റംസിനെ ഒന്നടങ്കം പറയുന്നതല്ല. കസ്റ്റംസിൽ ഇരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണ് എന്റെ ഈ വാഹനം പതിനാല് മാസം അവർ അവിടെ തടഞ്ഞുവച്ചത്. അവിടെ നല്ല ഓഫീസർമാരുണ്ട്. അവരെല്ലാം ഇടപെട്ടാണ് പതിനാല് മാസത്തിന് ശേഷം വണ്ടികിട്ടിയത്.'-ബാബു ജോൺ പറഞ്ഞു.